കുറച്ചുകാലം മുമ്പൊരു ചാനൽ ചർച്ചയിൽ ചില ആത്മീയവാദികളും ഭൗതികവാദികളും തമ്മിലുള്ള തർക്കം കണ്ടു. മരിച്ചുപോയവരുടെ ആത്മാവിന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്ന ഒരു കാന്തികയന്ത്രവുമായി നടക്കുന്നവരെ ഒരു കൂട്ടം നിരീശ്വരവാദികൾ ചോദ്യംചെയ്ത് പൊറുതി മുട്ടിക്കുകയാണ്. ഒടുവിൽ ഒരു യുക്തിവാദി ചോദിച്ചു: ആത്മാവ് എങ്ങനെയാണ് ഒരു മനുഷ്യനിൽ പ്രവേശിക്കുന്നത്? ഗർഭത്തിന്റെ രണ്ടാംമാസം അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ കിടക്കുന്ന കുഞ്ഞിന്റെ ഉള്ളിലേക്ക് അത് പ്രവേശിക്കുന്നു എന്നാണ് ആത്മീയവാദികളുടെ ഉത്തരം. എങ്കിൽ ഏതുവഴിക്ക് പ്രവേശിച്ചു ? എന്നാണ് അടുത്ത ചോദ്യം. ഉത്തരം പറയാനിറങ്ങിയവർ കുഴങ്ങി. സദസിൽ ചിരിയായി.
പണ്ട് പാശ്ചാത്യ ചിന്താലോകത്ത് ഭൗതികവാദികൾ അഥവാ മെറ്റീറിയലിസ്റ്റുകളും ആശയവാദികൾ അഥവാ ഐഡിയലിസ്റ്റുകളും തമ്മിൽ ഇതുപോലെ തർക്കിക്കുമായിരുന്നു. ഇന്ത്യയിൽ അദ്ധ്യാത്മപഠനത്തിൽ തർക്കം ഒരു പാഠ്യശാഖയാണ്. ശ്രീശങ്കരാചാര്യർ തർക്കത്തിലൂടെയാണ് ജ്ഞാനപീഠം കയറിയത്. എന്നാൽ ഭഗവാൻ ശ്രീനാരായണഗുരുവിലേക്ക് വരുമ്പോൾ തർക്കം എന്നൊന്നില്ല. സംശയങ്ങളെ സത്യബോധംകൊണ്ട് മനനം ചെയ്ത് ശരിയായത് ഉള്ളിൽ ഉറപ്പിക്കുക. പിന്നെ ആ അറിവിലൂടെ വിഷയങ്ങളെ നോക്കിക്കാണുക. വ്യക്തത ലഭിക്കാൻ ഇതേ മാർഗമുള്ളൂ. ഏതു വിഷയമായാലും ശ്രീനാരായണഗുരു ദർശനത്തിലൂടെ നോക്കിയാൽ വ്യക്തമായ അവബോധം ലഭിക്കും. അതുകൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസ പദ്ധതിയാകെ ഗുരുവിൽ അധിഷ്ഠിതമായ ഒരു സർവകലാശാല രൂപീകരിച്ചുകൊണ്ട് പുനരവതരണം ചെയ്യണമെന്നു പറയുന്നത്.
ബോധസത്യം എന്ന ഒന്നേ ഇവിടെ ശാശ്വതമായുള്ളൂ എന്നാണ് ഗുരുവിന്റെ ദർശനം. അത് അഖണ്ഡമാണ്. അതായത് വാക്വം അഥവാ ശൂന്യത എന്ന ഒരവസ്ഥയില്ല. ശൂന്യത ഉണ്ടെന്നാണ് നമ്മുടെ അനുഭവം. ശൂന്യാകാശം എന്നപേരുതന്നെ ശാസ്ത്രം ഉപയോഗിക്കുന്നുണ്ട്. വായു ഇല്ലാത്ത ഇടമാണ് സയൻസിന്റെ ശൂന്യത. എന്നാൽ വായു ഇല്ലാത്ത ഇടത്തും ബോധം നിറഞ്ഞിരിപ്പുണ്ട്. ബോധം എന്നത് മാനസികമോ ബുദ്ധിപരമോ ആയ തലത്തിലാണ് സയൻസ് വ്യാഖ്യാനിക്കുന്നത്. ബോധം ബുദ്ധിക്കും അകമേ വിലസുന്നതാണ് എന്നതാണ് സത്യം. ഈ ബോധത്തിൽ ഉറകൂടിയിരിക്കുന്ന ശക്തിയാണ് ഊർജം. ഊർജത്തിന്റെ അടിസ്ഥാനരൂപം താപമാണ്. ഈ താപത്തെയാണ് പരാശക്തി എന്നുവിളിക്കുന്നത്. ഋഷിമാർ തപം ചെയ്തുരുകിയാണ് ഈ ശക്തിവിശേഷത്തെ ഉള്ളിൽ അറിയുന്നത്. ആ ഉൾച്ചൂടിൽ എല്ലാം ഉരുകി ദൃശ്യപ്രപഞ്ചം മാഞ്ഞുമറയുമ്പോഴാണ് തപസിന് സാക്ഷാത്കാരം സംഭവിക്കുന്നത്. ശക്തി ഉറഞ്ഞിരിക്കുന്ന അവസ്ഥയിൽ പരമബോധം നിശ്ചലമായിരിക്കും. അതിനെയാണ് പരമേശ്വരന്റെ തപസ് എന്നു പറയുന്നത്. തപസുണർന്നാൽ ഉറകൂടിയ ശക്തി വീണ്ടും സ്പന്ദിച്ചുയരും. അതാണ് സൃഷ്ടിക്ക് കാരണമാകുന്നത്. അത് ആവരണശക്തിയും വിക്ഷേപശക്തിയുമായി മാറുന്നു.
ആവരണശക്തിയാകുന്ന മൂടുപടം ഇട്ടുകൊണ്ടാണ് വിക്ഷേപശക്തി പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് പ്രപഞ്ചരഹസ്യം അറിയാൻ ശ്രമിക്കുന്നവർക്ക് ഒന്നും വ്യക്തമായി അറിയാൻ കഴിയാത്തത്. എത്ര വിശദമാക്കാൻ ശ്രമിച്ചാലും ഇത്തരം കാര്യങ്ങളിൽ ഒരു അവ്യക്തത അവശേഷിക്കും. അവ്യക്തതയെ ചിലർ ഊഹംകൊണ്ട് വ്യാഖ്യാനിക്കാൻ ശ്രമിക്കും. ആ ഊഹാപോഹം യുക്തിബോധമുള്ളവർ പൊളിച്ചുകളയും. അതാണ് തർക്കത്തിനു കാരണം. ആവരണശക്തിയെ നീക്കിയെടുക്കാനാണ് ആത്മസാധന വേണ്ടുന്നത്. അത് സസൂക്ഷ്മം ചെയ്യേണ്ടുന്ന ഒന്നാണ്. ലക്ഷ്യപ്രാപ്തിവരെ സൂക്ഷ്മത പാലിക്കണം. കാട്ടിൽവച്ച് കോടാലി നഷ്ടപ്പെട്ട മരംവെട്ടുകാരനെ പരീക്ഷിക്കാൻ വനദേവത സ്വർണക്കോടാലിയും വെള്ളിക്കോടാലിയും കാട്ടിയതുപോലെ ആവരണശക്തി ആത്മാന്വേഷകന് പലതരം അറിവുകൾ നൽകി ഭ്രമിപ്പിക്കും. ഇതാണ് ശരിയെന്നുപോലും തോന്നിപ്പോകുന്ന പലതരം അറിവുകൾ കൊടുത്ത് വഴിതിരിച്ചുവിടുന്ന ആ പ്രക്രിയയാണ് മായാജാലം. ചിലർ പറയാറില്ലേ ശിവൻ പ്രത്യക്ഷനായി, മുരുകൻ പ്രത്യക്ഷനായി എന്നൊക്കെ. അതൊക്കെ ഭ്രമബുദ്ധിയിൽ ഉണ്ടാകുന്ന തോന്നലുകൾ മാത്രമാണ്.സത്യത്തെ മറച്ചു പിടിക്കുന്ന ആവരണശക്തിയുടെ കളിയാണത്. വിക്ഷേപശക്തി ആവരണമിട്ടുകൊണ്ടു നടത്തുന്ന നാടകത്തിലെ കഥാപാത്രങ്ങളാണ് നമ്മൾ. ഒടുവിൽ ശക്തിയെ ഉൾവലിച്ച് പരമോധം വീണ്ടും തപസുചെയ്യുമ്പോൾ ഇക്കണ്ടതും സൂര്യചന്ദ്രാദികളടക്കം എല്ലാം ഇല്ലാതാകും. ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതാണ് ദർശനമാലയുടെ ഒന്നാം പദ്യത്തിന്റെ അർത്ഥതലം.
വിക്ഷേപശക്തിയാണ് മുഖ്യപ്രാണൻ. ആവരണശക്തി അവ്യക്തവും. മുഖ്യപ്രാണൻ അവ്യക്തമറയിൽ പ്രതിബിംബിക്കുമ്പോൾ സൂര്യാശുക്കളിൽ സൂര്യൻ പ്രതിബിംബിക്കുംപോലെ ഒരുപാട് പ്രാണനുകൾ ഉണ്ടാകുന്നു. ഈ പ്രാണനുകൾ ഓരോന്നും ഞാൻ എന്ന അഹന്തയെ സങ്കല്പിക്കുന്നു.അഹന്തയിൽ മനസ് ബുദ്ധി എന്നിവ ഉണ്ടാകുന്നു. ഇവ സങ്കല്പശക്തിയാൽ ശരീരം സ്വീകരിക്കുന്നു. അതാണ് ജീവികൾ. വിക്ഷേപശക്തിയുടെ മായയാൽ ഓരോ ജീവിയും ബോധത്തിൽ പ്രപഞ്ചം ഉള്ളതായിക്കണ്ട് അനുഭവിക്കുന്നു. ജീവികളിൽനിന്ന് പുതിയ ജീവികൾ ഉണ്ടാകുന്ന പ്രത്യുത്പാദന വ്യവസ്ഥയും വിക്ഷേപശക്തിയുടെ സങ്കല്പത്താൽ സംഭവിക്കുന്നതാണ്. പിതാവിന്റെ ബീജത്തിലാണ് പ്രാണൻ നിലകൊള്ളുന്നത്. അമ്മയിലെ അണ്ഡമാണ് കുഞ്ഞിന്റെ ശരീരമായി പരിണമിക്കുന്നത്. ബീജസങ്കലനം നടക്കുമ്പോൾ പ്രാണനിലെ ആത്മാംശമാണ് ശരീരം സ്വീകരിക്കുന്നത്. അല്ലാതെ ബീജസങ്കലനം നടന്ന് ഗർഭമുണ്ടായിട്ട് രണ്ടാം മാസം അതിഥിതാരമായി കയറിവരുന്ന ഒന്നല്ല ആത്മാവ്. അത് പരമബോധം അവ്യക്തമറയിൽ പ്രതിഫലിക്കുന്ന അവസ്ഥയാണ്. ആത്മാവ് കറങ്ങി നടക്കുന്ന പ്രേതമല്ല, കാന്തംവച്ച് കണ്ടുപിടിക്കാൻ. ഇവിടമാകെ നിറഞ്ഞിരിക്കുന്നതാണ്. അതിൽ നിന്നാണ് ശരീരരൂപിയായി ജഡദൃശ്യങ്ങൾ ഉണ്ടായി വരുന്നത്. അല്ലാതെ ആദ്യം ശരീരമല്ല ഉണ്ടാകുന്നത്. ശരീരം എന്നത് ബോധത്തിന്റെ സങ്കല്പമാണ്. അതാണ് സസർജ സർവം സങ്കല്പമാത്രേണ പരമേശ്വര എന്നു പറയുന്നത്. സങ്കല്പത്തിലാണ് പരമേശ്വരൻ ലോകത്തെ സൃഷ്ടിച്ചിരിക്കുന്നത്. ഉണ്ടായി മറയുന്നത് എന്നാണ് സങ്കല്പത്തിന്റെ അർത്ഥം. നാമരൂപങ്ങൾ പിൻവലിച്ച അവസ്ഥയിൽ പരമബോധം നിശ്ചലമായി കിടക്കുന്നതിനെയാണ് അസദേവേദം എന്നു പറഞ്ഞിരിക്കുന്നത്. പ്രളയവും സൃഷ്ടിയും തുടർപ്രക്രിയയാണ്. എന്നു തുടങ്ങി എന്നാർക്കും പറയാൻ കഴിയില്ല. അതാണ് അനന്തമായ തല്പത്തിൽ പരമാത്മാവ് സൃഷ്ടി സ്ഥിതി ലയം നടത്തുന്നു എന്നു പറയുന്നത്.