sarojini

ആലപ്പുഴ: ''ഫണ്ട് എത്തിയില്ല. അടുത്ത ദിവസം വരൂ. ഇതു കേട്ട് മടുത്തു .എങ്കിലും,  ഇനിയും നടക്കാൻ  ഒരുക്കമാണ് '' പ്രളയ ദുരിതാശ്വാസം ലഭിക്കാൻ അഞ്ചു ദിവസമായി നടക്കുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാംവാർഡിൽ പറവൂർ അശോക് ഭവനിൽ പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ സരോജിനിയുടെ (80)വാക്കുകളാണിത്. മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സഹോദര ഭാര്യയാണ്  സരോജിനി . പ്രളയ ദുരിതാശ്വാസമായ 10,000 രൂപയ്ക്ക് അഞ്ചുതവണയാണ് സരോജിനി പറവൂർ വില്ലേജ് ഓഫീസിലും കാനറബാങ്ക്  ശാഖയിലും പോയത്. ഫണ്ട് എത്തിയില്ലെന്നും അടുത്ത ദിവസം കൈമാറുമെന്നും പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു.

പ്രളയത്തിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ 4,5,7,8,9 വാർഡുകൾ  വെള്ളത്തിൽ മുങ്ങി. എട്ടാം വാർഡിൽ 236 പേരിൽ 199പേർക്ക് 10,000 രൂപ സഹായം നൽകി. ചില വാർഡുകളിൽ ഒരാൾക്ക്  രണ്ട് തവണ സഹായം ലഭിച്ചു! എന്നാൽ അർഹതപ്പെട്ട സരോജിനി പടികയറി തളർന്നു. ആഗസ്റ്റിൽ നേരിട്ട പ്രളയത്തിൽ സരോജിനിയുടെ വീടിനകത്ത് വെള്ളം കയറിയതിനാൽ സമീപത്തെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് ദിവസവും ഭക്ഷണം കഴിച്ചത്. ബി.എൽ.ഒ വീട്ടിൽ എത്തി റിപ്പോർട്ട് എടുത്ത് ഒരാഴ്ചക്കുള്ളിൽ സഹായം എത്തുമെന്ന് പറഞ്ഞെങ്കിലും ഒന്നര മാസമായിട്ടും സരോജിനിക്ക് സഹായം ലഭിച്ചില്ല.    

 പണം ബാങ്ക് അക്കൗണ്ടിൽ

ഇന്ന് വൈകിട്ട് നാലിനകം  10,000രൂപ സരോജിനിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്ന് അധികൃതർ വ്യക്തമാക്കി. താലൂക്കിൽ ശനിയാഴ്ച  പൂർത്തികരിച്ച 4000പേരുടെ ലിസ്റ്റിൽ സരോജിനിയും ഉൾപ്പെട്ടിട്ടുണ്ട്. ഇന്നലെ അവധിയായതിനാൽ  തുക കൈമാറാൻ  കഴിഞ്ഞില്ല. ഇന്ന് ട്രഷറിയിൽ ലിസ്റ്റ് സമർപ്പിച്ച് തുക അക്കൗണ്ടുകളിലേക്ക് മാറ്റും. താലൂക്കിൽ ഇതുവരെ 15766 കുടുംബങ്ങൾക്ക് പ്രളയദുരിതാശ്വാസ സഹായം നൽകി. ആദ്യം ചില പേരുകൾ ആവർത്തിച്ചു വന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇരട്ടിപ്പ്  ഒഴിവാക്കാൻ സൂക്ഷ്മതയോടെ ലിസ്റ്റ് തയ്യാറാക്കുന്നതിനാലാണ്  വിതരണം വൈകുന്നത്. താലൂക്കിൽ15ന് മുൻപ്   വിതരണം പൂർത്തിയാകും                          

ആശ സി.എബ്രഹാം,  തഹസിൽദാർ, അമ്പലപ്പുഴ