കുട്ടനാട്: ബൈക്കിടിച്ച് ദൂരേക്കു തെറിച്ചുപോയ പഞ്ചായത്ത് മുൻ അംഗം ചോരവർന്നു മരിച്ചു. ചെറുതന ഗ്രാമ പഞ്ചായത്ത് മുൻ അംഗം ചങ്ങനാശേരി വലിയകുളം ജോൺ .ടി.തോമസാണ് (ജോണപ്പൻ - 77)രക്തം വാർന്ന് മരിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരെ രക്ഷിക്കാനെത്തിയവർ ഇദ്ദേഹത്തെ കാണാഞ്ഞതാണ് മരണത്തിനിടയാക്കിയത്.അമ്പലപ്പുഴ-തിരുവല്ല റോഡിൽ എടത്വ പച്ച പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.45നാണ് അപകടമുണ്ടായത്.
പൾസർ ബൈക്കിൽ യാത്ര ചെയ്ത മൂന്ന് യുവാക്കളിൽ ഒരാളുടെ നില ഗുരുതരമാണ്. തലവടി കുന്നപ്പള്ളി പറമ്പിൽ മോനിഷ് (27), നെടുമ്പ്രം മുളമൂട്ടിൽ വിജി (36), നിരണം സ്വദേശി സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. സുജിത്തിന്റെ നില ഗുരുതരമാണ്
പാണ്ടിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജോണപ്പൻ പച്ച ജംഗ്ഷനിൽ ബസ് ഇറങ്ങി നടന്നുപോകുമ്പോൾ പിന്നിൽ നിന്ന് എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ജോണപ്പൻ സമീപത്തെ പറമ്പിലും, യുവാക്കൾ റോഡിലും തെറിച്ചു വീണു. ഓടിയെത്തിയവർ റോഡിൽ വീണു കിടന്ന ബൈക്ക് യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചു. പറമ്പിൽ രക്തം വാർന്ന് കിടന്ന ജോണപ്പനെ ആദ്യം കണ്ടിരുന്നില്ല. പരിക്കേറ്റ യുവാക്കളാണ് ഒരാളെ ബൈക്കിടിച്ച കാര്യം പറഞ്ഞത്. ഒരു മണിക്കൂറിനുശേഷം നടത്തിയ തെരച്ചിലിലാണ് ജോണപ്പനെ കണ്ടത്. ജോണപ്പൻ രക്തം വാർന്ന് സംഭവ സ്ഥലത്തുത്തന്നെ മരിച്ചതായി എടത്വ പൊലീസ് പറഞ്ഞു.യുവാക്കൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പച്ച സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.ജോണപ്പന്റെ സംസ്‌കാരം പിന്നീട്.
ഭാര്യ: പരേതയായ മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക സെന്റ് സേവ്യേഴ്‌സ് യു.പി. സ്‌കൂൾപച്ച)
മക്കൾ: ബിനോയ് ജോൺ (യു.എസ്.എ), ബിനു ജോൺ (കുവൈറ്റ്), ജോൺ .ടി. ജോൺ (കുവൈറ്റ്), ഷാലറ്റ് ( അദ്ധ്യാപിക സെന്റ് ആന്റണീസ് എൽ.പി സ്‌കൂൾ തായങ്കരി ).
മരുമക്കൾ: മഞ്ജു ബിനോയ് , ജോബി , ടിൻസി ), ജോജി കെ. ജോസ് .