ambalapuzha-news

അമ്പലപ്പുഴ: ശബരിമലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴയിൽ അയ്യപ്പന്റെ മാതൃസ്ഥാനീയർ നടത്തിയ നാമജപ ഘോഷയാത്രയിൽ  അണിനിരന്നത് കാൽ ലക്ഷത്തോളം പേർ.

'ശബരിമലയെ രക്ഷിക്കൂ' എന്നാവശ്യപ്പെട്ട് ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്ന് വൈകിട്ട് നാലുമണിയോടെ ആരംഭിച്ച ഘോഷയാത്ര ആറു മണിയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് സമാപിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും നിറസാന്നിദ്ധ്യം ശ്രദ്ധേയമായി. ശരണമന്ത്രം മുഴക്കി ഘോഷയാത്ര ആരംഭിച്ചപ്പോൾത്തന്നെ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നത് ഭക്തരെ ആവേശഭരിതരാക്കി.അമ്പലപ്പുഴ കച്ചേരിമുക്കിൽ എത്തിയപ്പോൾ കരുമാടിയിൽ നിന്നു മറ്റൊരു ഘോഷയാത്ര കൂടി ചേർന്നതോടെ അമ്പലപ്പുഴ അക്ഷരാർത്ഥത്തിൽ ഭക്തജന സാഗരമായി.

അമ്പലപ്പുഴ ക്ഷേത്രത്തിനു കിഴക്കേനടയിൽ സമാപന സമ്മേളനം പന്തളം കൊട്ടാരം നിർവ്വാഹക സമിതി അംഗം പി.ജി.ശശികുമാര വർമ്മ ഉദ്ഘാടനം ചെയ്തു. നിർവഹിച്ചു .അയ്യപ്പനെ ഭക്തജനങ്ങൾ രക്ഷിച്ചില്ലെങ്കിൽ ചിലർ തട്ടിക്കൊണ്ടു പോകുമെന്നു അദ്ദേഹം അഭിപ്രായപ്പെടുത്തി. 'സുപ്രീം കോടതി ജഡ്ജിമാർ വിചാരിച്ചാലൊന്നും തകരുന്നതല്ല ഹൈന്ദവ സമൂഹത്തിന്റെ ഭക്തി. ഓരോ ക്ഷേത്രത്തിനും പ്രതിഷ്ഠകൾക്കും വ്യത്യസ്തതകൾ ഉണ്ട്. കേരളത്തിലെ ക്ഷേത്രാചാരങ്ങൾ എന്തെന്നു പോലും അറിയാത്ത ജഡ്ജിമാരാണ് ഇന്ന് സുപ്രീം  കോടതിയിൽ ഉള്ളത്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ആയിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് അമ്പലപ്പുഴയിൽ രാമായണ മാസം ഉദ്ഘാടനം ചെയ്ത കാര്യം ഇപ്പോഴും ഓർമ്മയുണ്ട്'- അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തസംഘം പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ജില്ലാ സംഘചാലക് ഡോ.അമ്പലപ്പുഴ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ ഭദ്രദീപ പ്രകാശനം നടത്തി. വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി എം.ജയചന്ദ്രൻ, പ്രസിഡന്റ് വി.കെ സുരേഷ് ശാന്തി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം സുഷമാ രാജീവ്, ബ്ലോക്ക് അംഗം ബിന്ദു ബൈജു, കോൺഗ്രസ് ഡി.സി.സി സെക്രട്ടറി എസ്.സുബാഹു, അനിൽ പാഞ്ചജന്യം തുടങ്ങിയവർ സംസാരിച്ചു.