sntrust

ചേർത്തല:പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച നിലവാരത്തിലേയ്ക്ക് ചേർത്തല എസ്.എൻ.ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിനെ ഉയർത്തുന്നതിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ യു.ജയന് റോട്ടറി ക്ലബ് ഒഫ് ചേർത്തല നേഷൻ ബിൽഡർ അവാർഡ് സമ്മാനിച്ചു. മികച്ച അദ്ധ്യാപകർക്ക് റോട്ടറി നൽകുന്ന അവാർഡാണ് ഇത്.ജില്ലയിൽ ഹാം റേഡിയോ സംവിധാനം ആരംഭിച്ചതും മികച്ച രീതിയിൽ ഉപയോഗിക്കുന്നതും ചേർത്തല എസ്.എൻ.ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലാണ് .ഇതിനായി കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകുന്നു.ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന് ഹാം റോഡിയോ ഉപയോഗം പരിശീലിപ്പിക്കുന്നു..എല്ലാവർഷവും ഒക്ടോബർ മാസം മൂന്നാം ശനിയാഴ്ച ലോകം മുഴുവൻ നടത്തുന്ന ജോട്ട(ജാംബൂരി ഓൺ ദി എയർ-ആകാശ കൂട്ടായ്മ)യ്ക്ക് ജില്ലയിൽ തുടക്കം കുറിച്ചതും ജയനാണ്. .ഈ ദിവസം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തും.അന്താരാഷ്ട്ര ബഹിരാകാശ നിലയം ചില പ്രത്യേക ദിനങ്ങളിൽ പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളിലൂടെയുള്ള ചിത്രങ്ങൾ (എസ്.എസ്.ടി.വി) ഹാം റേഡിയോയുടെ സഹായത്താൽ പിടിച്ചെടുത്ത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ  നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്ന ചിത്രങ്ങളാക്കി  മാറ്റി കുട്ടികളെ കാണിച്ചു.  ഇത്  ബഹിരാകാശത്തിലെ അനന്ത സാദ്ധ്യതകൾ മനസിലാക്കാൻ കുട്ടികൾക്ക്  സഹായകമായി.  സ്കൂളിലെ സ്കൗട്ട് അദ്ധ്യാപകൻ കൂടിയാണ് യു.ജയൻ.ഹയർ സെക്കൻഡറി തലത്തിൽ നടത്തുന്ന ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കോമ്പറ്റീഷനിൽ തുടർച്ചയായി മൂന്നു തവണ സംസ്ഥാന അവാഡ് നേടിയത് ചേർത്തല എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസാണ് .പഠനത്തിൽ ജില്ലയിൽ സ്കൂൾ ഇപ്പോൾ ആറാം സ്ഥാനത്താണ്.ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ 38 എ പ്ലസുകൾ നേടിയ സ്കൂൾ എ പ്ലസുകളുടെ എണ്ണത്തിൽ ജില്ലയിൽ രണ്ടാമതെത്തി. സ്കൂൾ മാനേജർ വെള്ളാപ്പള്ളി നടേശന്റെ പൂർണ പിന്തുണയിൽ മുന്നേറ്റം തുടരുന്ന വിദ്യാലയം  മാനേജുമെന്റെിന്റെ സഹകരണത്തോടെ  അന്തർദേശീയ നിലവാരത്തിലേയ്ക്ക്  ഉയർത്തി ജില്ലയിലെ തന്നെ മികച്ച  സ്കൂളായി മാറാനുള്ള തയ്യാറെടുപ്പിലാണ്.

  സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.കെ.ഷൈലമ്മ യു.ജയന് അവാർഡ് സമ്മാനിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനം അഡ്വ.ഡി.പ്രിയേഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ കെ.ബാബുമോൻ,ആർ.ഡി.സി അംഗം കെ.കെ.മഹേശൻ,റോട്ടറി മുൻ പ്രസിഡന്റ് പി.കെ.ധനേശൻ,പഞ്ചായത്ത് അംഗം റെജികുമാർ,ടി.കെ.സജീവ്,ലിജി ഗോപാൽ,റോട്ടറി ഭാരവാഹികളായ,ബി.ശിവൻകുട്ടി, ബി.വിനോദ്കുമാർ,അനീഷ്,ജോർജ്ജ് ജോസഫ് പൊന്നേഴത്ത്,സാംസൺ ജേക്കബ്,അദ്ധ്യാപകരായ ഷൈമ കുട്ടപ്പൻ,എൻ.ജയൻ,ബിജി ദാമോദരൻ,സുധീപ് ദാസ് എന്നിവർ സംസാരിച്ചു.