ambalapuzha-news

അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ആംബുലൻസുകൾക്ക് കടന്നുവരുന്നതിന് പോലും തടസമുണ്ടാക്കുന്നു. അത്യാഹിത വിഭാഗത്തിന് മുന്നിൽ പോലും രാത്രിയും പകലും ബൈക്കുകളുടെ നീണ്ട നിരയാണ്.

ആശുപത്രി പരിസത്തെ വാഹന പാർക്കിംഗിന് കരാർ എടുത്തിരുന്ന ആൾ ആറുമാസം മുമ്പ്  കരാർ അവസാനിപ്പിച്ചു പോയി. ഇതോടെയാണ് ഇവിടുത്തെ വാഹന പാർക്കിംഗിന് യാതൊരു നിയന്ത്രണവും ഇല്ലാതായത്.

ആശുപത്രി വികസന സമിതി യോഗം  കൂടാത്തതിനാലാണ് പുതിയ ആൾക്ക് കരാർ നൽകാൻ കഴിയാത്തത്. 2015 സെപ്റ്റംബറിലണ് അവസാനമായി വികസന സമിതി യോഗം നടന്നത്.  സമിതി  പുനഃസംഘടനയും ഇതേ വരെ നടന്നിട്ടില്ല. മാസം 60000 ത്തോളം രൂപ പാർക്കിംഗ് ഇനത്തിൽ വികസന സമിതിക്ക് ലഭിച്ചിരുന്നതാണ്. ഇതാണ് ആറുമാസത്തോളമായി നഷ്ടമായിക്കൊണ്ടിരിക്കുന്നത്. വാഹന പാർക്കിംഗിനെത്തുന്നവരുമായി  നിരന്തരം  വാക്കേറ്റം ഉണ്ടാകുന്നതും  വാഹന ഉടമകളിൽ നിന്ന് കൃത്യമായി പണം ലഭിക്കാത്തതുമാണ് പഴയ കരാറുകാരൻ ഇട്ടിട്ടുപോകാൻ കാരണമെന്നു പറയുന്നു.

വാഹന പാർക്കിംഗിനായി നിശ്ചിത സ്ഥലം കണ്ടെത്തി അവിടെ മേൽക്കൂര പണിതാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. മേൽക്കൂരയില്ലാതെ വെയിലും മഴയുമേറ്റ് വാഹനങ്ങൾ കിടക്കേണ്ടി വരുന്നതുകൊണ്ടാണ് പാർക്കിംഗ് ഫീസ് കൊടുക്കാൻ വാഹന ഉടമകൾ മടി കാണിച്ചത്.  ഇതിനു പരിഹാരം കാണാൻ വികസന സമിതി ചെയർമാനായ ജില്ലാ കളക്ടർ മുൻകൈയെടുക്കണമെന്നാണ് ഇവിടെയെത്തുന്നവർ   ആവശ്യപ്പെടുന്നത്. 

വികസന സമിതി യോഗം ചേരുന്നതിന് അടുത്ത ആഴ്ച കളക്ടറുടെ ഡേറ്റ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ പോലെ കുടുംബശ്രീയെ വാഹന പാർക്കിംഗ് കരാർ ഏല്പിക്കാൻ  യോഗത്തിൽ ആവശ്യപ്പെടും

ഡോ.ആർ.വി.രാംലാൽ, ആശുപത്രി സൂപ്രണ്ട്

പെടാപ്പാട് പെടും
അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകൾ  പോലും ആശുപ്രതിയിലേക്ക് പ്രവേശിക്കാൻ പെടാപ്പാടു പെടുകയാണ്. രോഗികളുമായി വരുന്ന മറ്റ് വാഹനങ്ങളുടെ അവസ്ഥയും ഇതു തന്നെ. അത്യാവശ്യ  ഘട്ടത്തിൽ ഒരു ഫയർഫോഴ്സ് വാഹനം കടന്നു വരേണ്ടി വന്നാൽ അതിനു പോലും കഴിയാത്ത തരത്തിലാണ് ആശുപത്രി പരിസരത്ത് വാഹനങ്ങൾ നിരന്നു കിടക്കുന്നത്.