ആലപ്പുഴ:ശബരിമല വിധിക്കെതിരെ നടക്കുന്ന സമരം എൻ. എസ്. എസ് നേതാവ് സുകുമാരൻ നായർ കൈയടി കിട്ടാൻ സ്പോൺസർ ചെയ്‌ത പരിപാടിയാണെന്ന് എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നായർമുദായത്തിന് എല്ലാ ആനുകൂല്യങ്ങളും നൽകിയ ഈ സർക്കാരിനെതിരെയാണ് ഇപ്പോൾ എൻ.എസ്.എസ് ഇറങ്ങിയിരിക്കുന്നതെന്നും കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ വെള്ളാപ്പള്ളി പറഞ്ഞു. ദേവസ്വം ബോർഡ് മുഴുവൻ നായർ സമുദായത്തിന് എഴുതിക്കൊടുത്തില്ലേ. എൻ.എസ്.എസ് കത്തുകൊടുത്ത് ഒന്നര മണിക്കൂറിൽ ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയില്ലേ.ബോർഡിലെ 96 ശതമാനം ജോലികളും സവർണർക്കാണ്.നാല് ശതമാനം മാത്രം പിന്നാക്കക്കാർക്ക്.ഇങ്ങനെ എല്ലാ ആനുകൂല്യങ്ങളും നേടിയവരാണ് ഇപ്പോൾ സർക്കാരിനെതിരെ സമരം ചെയ്യുന്നത്. എന്തുകൊണ്ട് ശബരിമലയിൽ പിന്നാക്ക സമുദായക്കാരെ ശാന്തിക്കാരാക്കുന്നില്ല. അപേക്ഷ ക്ഷണിക്കുമ്പോൾ ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് കാണിക്കുന്നു. ഈ അനീതിക്കെതിരെ ആരും സമരം ചെയ്യാത്തതെന്തേ. എന്തേ കോടതിയിൽ പോകാത്തത് - വെള്ളാപ്പള്ളി ചോദിച്ചു.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
സ്ത്രീകൾ തെരുവിലിറങ്ങുന്നത് കണ്ടില്ലെന്ന് നടിക്കാനാകുമോ?
സവർണമേധാവിത്വം നിലനിറുത്താനുള്ള ശ്രമമാണിത്. നാടിൻെറ മാറ്റം ഉൾക്കൊള്ളാൻ ഇവർക്കാവുന്നില്ല. മാറ്റങ്ങൾക്കെതിരെ ചിന്തിക്കുന്നത് ശരിയല്ല.
ശബരിമല സമരത്തെ എങ്ങനെ കാണുന്നു?
സമരത്തിൽ പങ്കാളിയാകണമെന്ന് എൻ.എസ്.എസ് കരയോഗങ്ങൾ എസ്.എൻ.ഡി.പി യോഗത്തിന്റെ യൂണിയനുകൾക്കും ശാഖകൾക്കും കത്തയയ്‌ക്കുന്നു. ഞങ്ങളോട് ആലോചിക്കാതെ നടത്തുന്ന സമരത്തിൽ ഞങ്ങൾ ചേരുന്നതെന്തിന്. സമത്വമുന്നേറ്റ യാത്രയിൽ ഹിന്ദു എക്യത്തെപ്പറ്റി ആലുവയിൽ പ്രസംഗിച്ച എനിക്കെതിരെ കേസെടുത്തപ്പോൾ എന്നെ സഹായിക്കാൻ ആരെങ്കിലുമുണ്ടായിരുന്നോ. എന്നും ഈഴവരെ ആളുകൾ ഉപയോഗിക്കുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ യോഗത്തിൻെറ നിലപാട്?
നിഷ്പക്ഷ നിലപാടാണ്. ഞങ്ങൾ പ്രത്യക്ഷസമരത്തിനില്ല. ആചാരം അനുഷ്ഠിക്കാനുള്ളതാണ്. നിയമം അനുസരിക്കാനുള്ളതും. വിധി അനുസരിച്ചുകൊണ്ട് ആചാരപ്രകാരം പോകുന്നില്ല എന്ന് തീരുമാനിച്ചാൽ പ്രശ്നം തീരില്ലേ. ഇന്ത്യൻ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന നമുക്ക് വിധി അംഗീകരിക്കാതിരിക്കാനാകുമാേ. റിവ്യൂ ഹർജിയുടെ വിധി വരുന്നതുവരെ ഇപ്പോഴത്തെ വിധി നിലനിൽക്കും. അതിനിടയ്‌ക്ക് തണ്ടുമിടുക്ക് കാണിക്കുകയല്ല ചെയ്യേണ്ടത്.
ബി.ഡി.ജെ. എസ് ബി.ജെ.പിക്കൊപ്പം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്നു.ഇത് യോഗത്തിൻെറ നിലപാടിൽ നിന്ന് വ്യത്യസ്തമല്ലേ?
യോഗം രാഷ്ട്രീയ പാർട്ടിയല്ല, രാഷ്ട്രീയ ലക്ഷ്യവുമില്ല. ബി.ഡി.ജെ.എസിന് രാഷ്ട്രീയമുണ്ടാകാം.
ശബരിമല പ്രശ്നം അടുത്ത തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?
ഇതൊരു ചതുരംഗക്കളിയല്ലേ. ഇതെല്ലാം മാറും. ഭക്തിയുടെ അടിമകളായ സ്ത്രീകളെ സമരത്തിന് കിട്ടും. അത് എന്നും നിലനിൽക്കില്ല.
ശബരിമല പ്രശ്നത്തിൽ ഇത്രയും നാൾ മൗനം പാലിച്ചത് ?
പിണറായി പറയട്ടെ എന്ന് കരുതി കാത്തിരുന്നതാണ്. പിണറായി നിലപാട് വ്യക്തമാക്കിയപ്പോൾ ഞാൻ എൻെറയും യോഗത്തിൻെറയും നിലപാട് വെളിപ്പെടുത്തി.