sabarimala

 

ആലപ്പുഴ: ഹിന്ദുസമൂഹത്തിന്റെ വൈവിദ്ധ്യമാർന്ന  ആചാരാനുഷ്ഠാനങ്ങൾക്കും വിശ്വാസ പ്രമാണങ്ങൾക്കും മുറിവേൽപ്പിക്കരുതെന്ന്  കായംകുളത്ത് നടന്ന ബി.ഡി.ജെ.എസ്  സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം  ആവശ്യപ്പെട്ടു.ശബരിമല സ്ത്രീപ്രവേശന വിധിയിൽ പുന:പരിശോധനാ ഹർജി  നൽകില്ലെന്ന നിലപാട് അപക്വവും ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയുമാണ്. മതനിരപേക്ഷതയും ദൈവവിശ്വാസവും  മുറുകെപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയ്ക്ക്  ബി.ഡി.ജെ.എസ് ശക്തമായി വിശ്വാസികളോടൊപ്പം നിലനിൽക്കും. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ  മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണം. എന്ത് തീരുമാനം എടുക്കണമെന്നുള്ള അവകാശം സ്ത്രീകളിൽ നിക്ഷിപ്തമാണ്.  41 ദിവസത്തെ വ്രതനിഷ്ഠയ്ക്കൊപ്പം ശബരീശന്റെ അനുഗ്രഹവും ഉണ്ടെങ്കിലേ  കാനന ക്ഷേത്രമായ ശബരിമലയിൽ എത്താൻ സാധിക്കു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണ പരാജയത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ബോർഡ്  ഭരണസമിതി രാജിവയ്ക്കണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള  മുന്നൊരുക്കമെന്നോണം 14 ജില്ലകളിലും വിപുലമായ  നേതൃസംഗമങ്ങൾ നടത്താൻ  തീരുമാനിച്ചു. എൻ.ഡി.എ യുടെ നേതൃത്വത്തിലുള്ളശബരിമല സംരക്ഷണ യാത്ര വിജയിപ്പിക്കാൻ  മുഴുവൻ പ്രവർത്തകരേയും രംഗത്തിറക്കും. പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരി, ടി.വി. ബാബു, സുഭാഷ്‌വാസു,  കെ.പത്മകുമാർ,അരയാക്കണ്ടി സന്തോഷ്, ഫാ.റിജോ നെരുപ്പുകണ്ടം, തഴവ സഹദേവൻ, സംഗീത വിശ്വനാഥ്, ഗോപകുമാർ എന്നിവർ  സംസാരിച്ചു.