2
ഫ്ൈ ഓവർ

 കായംകുളം നഗരത്തിലെ ഫ്ളൈ ഓവറിന്റെ സാദ്ധ്യതാ പഠന റിപ്പോർട്ടിൽ നടപടിയില്ല

കായംകുളം : കായംകുളത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഫ്ളൈ ഓവർ നിർമ്മിക്കുന്നതിനെപ്പറ്റി പൊതുമരാമത്ത് വകുപ്പ് നടത്തിയ സാദ്ധ്യതാപഠന റിപ്പോർട്ട് സമർപ്പിച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും നടപടിയില്ല. കഴിഞ്ഞ മാർച്ചിലാണ് മന്ത്രി ജി. സുധാകരന്റെ നിർദ്ദേശ പ്രകാരം ചീഫ് എൻജിനിയർ പെണ്ണമ്മയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾ നടത്തി റിപ്പോർട്ട് കൈമാറിയത്.

കായംകുളത്തെ ഗതാഗത പ്രശ്നങ്ങളുടെ പരിഹാരത്തിന് രണ്ട് മാർഗങ്ങളുടെ സാദ്ധ്യതയെ കുറിച്ചാണ് ആലോചിച്ചത്. ദേശീയപാതയിൽ നിന്ന് പൊലീസ് സ്റ്റേഷന് സമീപം വരെ ഫ്ലൈ ഓവർ നിർമ്മിക്കണോ എന്നതാണ് ഒന്ന്. നിലവിലുള്ള റോഡുകൾ വീതി കൂട്ടി ഗതാഗത പരിഷ്കാരം നടപ്പാക്കണമോ എന്നതാണ് മറ്റൊന്ന്. ദേശീയപാത,കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ്റ്റാന്റുകൾ, ആശുപത്രികൾ ,വിദ്യാലയങ്ങൾ ഓഫീസുകൾ തുടങ്ങി വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാദുരിതം അകറ്റി ഗതാഗത പരിഷ്കാരം നടപ്പാക്കാനാണ് ഈ മാർഗങ്ങൾ തേടിയത്. .ദേശീയപാതയും കെ.പി.റോഡും തമ്മിൽ ബന്ധിപ്പിച്ച് ഫ്ലൈ ഓവർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ലഭിച്ച നിവേദനങ്ങളും പരിഗണിച്ചിരുന്നു.

വേണ്ടത് ഫ്ളൈ ഓവർ

ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ രണ്ട് സാദ്ധ്യതകൾ പരിശോധിച്ചിരുന്നെങ്കിലും ഫ്ളൈ ഓവറാണ് നല്ലതെന്ന നിഗമനത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. നിലവിലുള്ള റോഡുകളുടെ വീതി കൂട്ടി വൺവേ സംവിധാനം ‌ഏർപ്പെടുത്തുന്നതുകൊണ്ടുമാത്രം ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും ദേശീയപാത ,കെ.പി.റോഡ്, കായംകുളം - മാവേലിക്കര റോഡ് എന്നിവിടെങ്ങളിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഫ്ലൈ ഓവർ വേണമെന്നുമാണ് പഠനത്തിൽ കണ്ടെത്തിയത്. ഫ്ലൈ ഓവർ നിർമ്മിക്കുന്നതു സംബന്ധിച്ച് വിശദമായ പരിശോധകളാണ് നടത്തിയത്. ദേശീയപാത മുതൽ പൊലീസ് സ്റ്റേഷൻ വരെ മണ്ണുപരിശോധനയും പൂർത്തിയാക്കിയിരുന്നു. എത്ര മീറ്റർ താഴ്ച്ചയിൽ പൈലിംഗ് നടത്തണമെന്നും വേണ്ട തുക സംബന്ധിച്ചും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കായംകുളം പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയുടെ ഫയൽ അനങ്ങിയിട്ടില്ല.

\'\'കായംകുളത്തെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ ഫ്ളൈ ഓവർ നിർമ്മിയ്ക്കണമെന്ന് സഗരസഭ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശം നടപ്പിലാക്കാൻ സർക്കാരിൽ വീണ്ടും സമർദ്ദം ചെലുത്തും.

എൻ.ശിവദാസൻ ,ചെയർമാൻ. കായംകുളം നഗരസഭ.