ആലപ്പുഴ: പ്രളയാനന്തരം കായലിലും കനാലുകളിലും പോള തിങ്ങിയത് ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും ഭീഷണിയാവുന്നു. പോള നീക്കം ചെയ്യൽ ഉടനെങ്ങും ഉണ്ടാവില്ലെന്നാണ് അധികൃതരുടെ പ്രതികരണങ്ങളിൽ നിന്നു വെളിപ്പെടുന്നത്.
ഡി.ടി.പി.സി, കനാൽ മാനേജ്മെന്റ് സൊസൈറ്റി, ജലവിഭവം, നഗരസഭ എന്നിവരിൽ ആരുംതന്നെ പോളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. ദുരിതം അനുഭവിക്കേണ്ടി വരുന്നത് ജലഗതാഗത വകുപ്പും. പോള തിങ്ങിയ ഭാഗങ്ങളിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണെന്ന് ജലഗതാഗത വകുപ്പ് ജീവന ക്കാർ പറയുന്നു. പ്ലാസ്റ്റിക്കും മരക്കഷ്ണങ്ങളും ബോട്ടിന്റെ ഷാഫ്റ്റിൽ കുരുങ്ങാറുണ്ട്. ഇതു നീക്കംചെയ്യാൻ ഒരുപാടു നേരം മെനക്കെടേണ്ടി വരാറുണ്ടെന്നും ജീവനക്കാർ പറയുന്നു.
പോള നേരത്തെ ഉണ്ടായിരുന്നെങ്കിലും പ്രളയകാലത്ത് കുട്ടനാട്ടിലെ പാടങ്ങളിൽ നിന്ന് ഒഴുകിയെത്തിയ കളകളാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതെന്ന് മത്സ്യത്തൊളിലാളികൾ പറയുന്നു. വള്ളമിറക്കാനും വലയിടാനും ഇവ തടസം സൃഷ്ടിക്കുന്നു. ഫിനിഷിംഗ് പോയിന്റ്, രാജീവ് ജെട്ടി, കൈനകരി പള്ളി എന്നിവിടങ്ങളിലാണ് പോള ശല്യം രൂക്ഷം. ഇവിടെ ഒഴുക്കുപോൻലും നിലച്ച അവസ്ഥയാണ്.
..............................
\'നിലവിൽ പോള നീക്കം ചെയ്യാൻ പുതിയ പ്രോജക്ടോ ഫണ്ടുകളോ ഒന്നുമില്ല. നഗരസഭയ്ക്കാണ് ഉത്തരവാദിത്വം\'
(ജലവിഭവ വകുപ്പ് അധികൃതർ)
.................................................
\'പോള ശല്യം ജലഗതാഗത്തിന് തടസം സൃഷ്ടിക്കുന്നു. ബോട്ട് സർവീസുകൾ സുഗമമായ രീതിയിൽ നടത്താൻ കഴിയുന്നില്ല. ഉത്തരവാദിത്വമുള്ളവർ മൗനം പാലിക്കുകയാണ് . മുമ്പ് പോളകൾ തടസം സൃഷ്ടിച്ചപ്പോൾ ജലഗതാഗത വകുപ്പ് തന്നെ ഇവ നീക്കം ചെയ്താണ് പരിഹാരം കണ്ടെത്തിയത്\'
(ഷാജി വി.നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ)