duck
കമ്പി പഴുപ്പിച്ച് താറാവിന്റെ ചുണ്ടിൽ അടയാളം ചെയ്യുന്നു

 കമ്പി പഴുപ്പിച്ച് ചുണ്ടിൽ അടയാളപ്പെടുത്തുന്നു

ഹരിപ്പാട്: കൂട്ടം ചേർന്നു നടക്കുന്ന താറാവുകൾ കൂട്ടം തെറ്റിയാൽ തിരിച്ചറിഞ്ഞ് ഒപ്പം കൂട്ടാൻ കർഷകർ കണ്ടുപിടിച്ച മാർഗ്ഗം ക്രൂരതയായി മാറുന്നു. കാര്യങ്ങളൊക്കെ അറിയാമെങ്കിലും നടപടിക്ക് വഴിയില്ലെന്നു പറഞ്ഞ് കൈമലർത്തുകയാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ.

കമ്പി പഴുപ്പിച്ച് താറാവിന്റെ ചുണ്ടിൽ അടയാളം ഇട്ടാണ് കർഷകർ \'സ്വന്ത\'ക്കാരെ തിരിച്ചറിയുന്നത്. താറാവ് മേഖലയിലെ പൊതുവായ രീതിയായതുകൊണ്ട് എന്ത് അടയാളമാണ് ഇടുന്നത് എന്നതു സംബന്ധിച്ചു മാത്രമേ കർഷകർ തമ്മിൽ സംസാരമുള്ളൂ. തെറ്റും ശരിയുമൊന്നും ചർച്ചയാവുന്നേയില്ല. ചുട്ടുപഴുപ്പിച്ച കമ്പി താറാവിന്‍റെ ചുണ്ടിൽ അമർത്തിയാണ് അടയാളം രേഖപ്പെടുത്തുന്നത്. കൂട്ടം തെറ്റി മറ്റൊരു കൂട്ടത്തിലെത്തിയാലും ഇവയെ പെട്ടന്ന് തിരിച്ചറിയാനാവും. കാലക്രമേണ ഈ അടയാളം മായുമ്പോൾ വീണ്ടും അടയാളപ്പെടുത്തും. അടയാളമില്ലാത്ത താറാവുകൾ വളരെ ചുരുക്കമായിരിക്കും. അടയാളപ്പെടുത്തൽ കഴിഞ്ഞ് പ്രാണരക്ഷാർത്ഥം താറാവുകൾ തൊട്ടടുത്തുള്ള വെള്ളക്കെട്ടിലേക്കു ചാടുന്നതും പുൽച്ചെടികളിലും മറ്റും ചുണ്ടുരച്ച് ആശ്വാസം തേടുന്നതും ദയനീയ കാഴ്ചയാണ്. മുമ്പ് വിറക് കൂട്ടി തീയിട്ടാണ് കമ്പി പഴുപ്പിച്ചിരുന്നതെന്നങ്കിൽ ഇപ്പോൾ ഗ്യാസ് സ്റ്റൗവിലാണ് പരിപാടി. ആയിരം മുതൽ അയ്യായിരം താറാവുവരെയുള്ള കർഷകരാണ് അപ്പർകുട്ടനാടൻ പ്രദേശങ്ങളിൽ ഉള്ളത്. കമ്പി പഴുപ്പിച്ചുള്ള അടയാളപ്പെടുത്തലുകൾക്ക് ശേഷം ദിവസങ്ങളോളം തീറ്റയെടുക്കാൻ താറാവിന് കഴിയില്ല. ചിലതൊക്കെ ചത്തുപോവുകയും ചെയ്യും. ഓരോ കർഷകരും വ്യത്യസ്ത അടയാളങ്ങളാണ് ഇടുന്നത്. പരസ്പരം സംസാരിച്ച ശേഷമാണ് കർഷകർ അടയാളം തീരുമാനിക്കുന്നത്.

കുട്ടനാട്ടിൽ പക്ഷിപ്പനി വ്യാപകമായപ്പോൾ താറാവുകളെ പെട്രോളൊഴിച്ചും വിറകു കൂട്ടി മണ്ണെണ്ണയൊഴിച്ചും ജീവനോടെ കത്തിച്ചും കൊന്നൊടുക്കിയപ്പോൾ പക്ഷിസ്നേഹികളും മറ്റും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാൽ താറാവുകളോടുള്ള ക്രൂരത ആരും കാണുന്നില്ല, അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നു. വെള്ളത്തിലും ലയിക്കാത്ത പെയിന്‍റ് അടയാളപ്പെടുത്തലിന് സുലഭമായി ലഭിക്കുമെന്നിരിക്കെയാണ് ഈ ക്രൂരത തുടരുന്നത്.

...................................................

\'ഇതു സംബന്ധിച്ച് ഇതുവരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ തന്നെയും നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിന് കഴിയില്ല. മൃഗങ്ങളെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് വകുപ്പ് ചെയ്യുന്നത്. ക്രൂരതയ്ക്കെതിരെ നടപടി എടുക്കേണ്ടത് സൊസൈറ്റി ഫോർ പ്രിവൻഷൻ ഒഫ് ക്രുവൽറ്റി ടു ആനിമൽ ആണ്. ആലപ്പുഴ ജില്ലയിൽ ഇത് പ്രവർത്തനം ആരംഭിച്ചിട്ടില്ല\'

(മൃഗസംരക്ഷണ വകുപ്പ് അധികൃതർ)