ഹരിപ്പാട്: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയെയും യൂത്ത് കോൺഗ്രസ് നേതാവിനെയും വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. മഹാദേവികാട് ശ്രീഭവനത്തിൽ ശ്രീകുമാറിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും കാർത്തികപ്പള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ റോഷൻ (27), യൂത്ത് കോൺഗ്രസ് കാർത്തികപ്പള്ളി നാലാം വാർഡ് സെക്രട്ടറി ശ്രീനാഥ് (31) എന്നിവർക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി 9.15 ഓടെ വലിയകുളങ്ങര ക്ഷേത്രത്തിന് കിഴക്ക് എതിരേൽപ്പ് ആലിന് സമീപത്തെ വർക്ക് ഷോപ്പിൽ സുഹൃത്തുക്കളോട് സംസാരിച്ച് നിൽക്കുമ്പോഴാണ് മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ മുഖംമൂടി സംഘം ഇവരെ വെട്ടിയത്. ഇവരെ ആക്രമിക്കുന്നതിനിടെ ശ്രീകുമാറിന് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.