ഹരിപ്പാട്: കാർത്തികപള്ളി ഐ.എച്ച്.ആർ.ഡി കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ- കെ.എസ്.യു- എ.ബി.വി.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. എസ്.എഫ്.ഐ പ്രവർത്തകരായ കോളേജ് യൂണിയൻ ചെയർമാൻ ശ്രീജു ചന്ദ്രൻ (20), മുൻ യൂണിയൻ ചെയർമാൻ ഷിയാസ് (21), മുൻ യൂണിയൻ ജനറൽ സെക്രട്ടറി എം.അഖിൽ (20), കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തനാരായണൻ (25), ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ കൃഷ്ണ (24), ബ്ളോക്ക് ഭാരവാഹി ജോർജ്ജി (22), എ.ബി.വി.പി പ്രവർത്തകൻ പ്രജിൻ (19) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കോളേജിന് സമീപമായിരുന്നു സംഭവം. യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരം നടന്ന 21 സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ഇതിന്റെ ആഹ്ളാദ പ്രകടനത്തിനിടയിലാണ് അക്രമണം നടന്നത്.

പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ യാതൊരു പ്രകോപനവും കൂടാതെ അക്രമിക്കുകയായിരുന്നുവെന്ന് കെ.എസ്.യു- എ.ബി.വി.പി പ്രവർത്തകർ പറഞ്ഞു. പൊലീസ് നോക്കി നിൽക്കെയാണ് അക്രമണം നടന്നതെന്നും, പൊലീസ് അക്രമണത്തിന് കൂട്ടുനിൽക്കുകയാണെന്നും കെ.എസ്.യു ആരോപിച്ചു.

എസ്.എഫ്.ഐ യുടെ വിജയത്തിൽ പ്രകോപിതരായ കെ.എസ്.യു പ്രവർത്തകർ മാരകായുധങ്ങളുമായി യൂണിയൻ ചെയർമാനെ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കെ.എസ്.യു പ്രവർത്തകകർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും, എസ്.എഫ്.ഐ പ്രവർത്തകർ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. അനന്തനാരായണന് തലയ്ക്കും മുതുകിലും ഗുരുതരമായി പരിക്കേറ്റു.