അമ്പലപ്പുഴ: അമ്പലപ്പുഴ തെക്കു പഞ്ചായത്ത് നാലാം വാർഡ് പണ്ടാരക്കുളത്ത് അമ്പലപ്പുഴ തോട്ടിലെ കോൺക്രീറ്റ് പാലം ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ.
അപകട ഭീഷണിയെ തുടർന്ന് നാട്ടുകാർ സമാഹരിച്ച രണ്ടു ലക്ഷം മുടക്കി ചെറിയൊരു നടപ്പാലം സ്ഥാപിച്ചതാണ് താത്കാലിക ആശ്വാസമായിരിക്കുന്നത്. സ്കൂൾ കുട്ടികളടക്കം നിരവധി ആളുകളുടെ ആശ്രയമായിരുന്നു കോൺക്രീറ്റ് പാലം. പാലത്തിനടിയിലൂടെ ചെറുവള്ളങ്ങൾ കടന്നു പോവുന്നുണ്ട്. 28 വർഷം പഴക്കമുള്ളതിനാൽ തൂണുകൾ ദ്രവിച്ച് കമ്പി പുറത്തേക്കു തള്ളിയ നിലയിലാണ് പല ഭാഗങ്ങളും. പ്രദേശത്തെ കുട്ടിക്കൂട്ടങ്ങൾ കളികൾക്കിടെ പാലത്തിൽ കയറി നിൽക്കാറുണ്ട്. ദുരന്തമുണ്ടാവുന്നതിനു മുമ്പ് ഇത് പൂർണ്ണമായും പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.