kadannal
താമരക്കുളം പരിയാരത്ത് കുളങ്ങര റോഡിൽ മണ്ണാരേത്ത് കോളനിക്ക് താഴെ റോഡിനോട് ചേർന്ന് ഭീഷണിയായ കടന്നൽ കൂട്

 കുത്തേറ്റ് രണ്ട് ആടുകൾ ചത്തു

ചാരുംമൂട്: ഭീമൻ കടന്നൽക്കൂട്ടിൽ നിന്ന് \'ഭീകരൻ\'മാർ എപ്പോൾ പുറത്തു ചാടുമെന്നറിയാതെ ഭീതിയോടെ കഴിയുകയാണ് താമരക്കുളം പഞ്ചായത്ത് 13, 16 വാർഡുകളിലുള്ളവർ. രണ്ട് ആടുകൾ കടന്നൽ കുത്തേറ്റു ചത്തതോടെ ഇവ തങ്ങളുടെ നേർക്കു തിരിയുന്നതിനു മുമ്പ് ഇല്ലായ്മ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

വേടരപ്ലാവ് പതിനാറാം വാർഡ് പുഴിത്തറയിൽ വിജയൻ പിള്ളയുടെ പറമ്പിലെ ചെറിയ ആഞ്ഞിലി മരത്തിലാണ് ഏകദേശം മൂന്നുമീറ്ററോളം വലിപ്പപമുള്ള കടന്നൽക്കൂട് തൂങ്ങിക്കിടക്കുന്നത്. കൊടുംവിഷമുള്ള \'കാട്ട് ഞൊടിയൻ\' ഇനത്തിൽപ്പെട്ടവയാണ് ഈ കടന്നലെന്ന് നാട്ടുകാർ പറയുന്നു. നാട്ടിൻപുറത്ത് കാണുന്ന കടന്നലിനേക്കാൾ മൂന്നിരട്ടി വലിപ്പമുണ്ട്. കഴിഞ്ഞ ദിവസം കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ അയൽവാസിയായ സുരേന്ദ്രൻപിള്ള നാലു ദിവസത്തോളം ആശുപത്രിയിലായിരുന്നു. സുരേന്ദ്രൻ പിള്ളയുടെ രണ്ട് ആടുകളാണ് ചത്തത്.

വേടരപ്ലാവ് ഗവ. എൽ.പി സ്കൂളിൽ നിന്നു 150 മീറ്റർ മാത്രം ദൂരത്തിലാണ് ഈ പുരയിടം. സ്കൂളിലേക്കുള്ള റോഡിൽ നിന്നു 50 മീറ്റർ മാത്രം ദൂരവും. കടന്നൽക്കൂടിനെപ്പറ്റി വാർഡംഗം സുനിത ഉണ്ണി പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചെങ്കിലും നടപടി ഒന്നും ആയില്ല. കൂട് നീക്കം ചെയ്യാൻ പലരെയും സമീപിച്ചെങ്കിലും ഭയം മൂലം ആരും തയ്യാറാവുന്നില്ല. പതിമൂന്നാം വാർഡിൽ താമരക്കുളം പരിയാരത്ത് കുളങ്ങര റോഡിൽ മണ്ണാരേത്ത് കോളനിക്ക് താഴെ റോഡിനോട് വളരെ ചേർന്നുനിൽക്കുന്ന ചെറിയൊരു മരത്തിലുമുണ്ട് കടന്നൽക്കൂട്. അധികം ഉയരമില്ലാത്തതിനാൽ ഈ കൂടും വലിയ തലവേദനയാണ്. സ്കൂൾ കുട്ടികൾക്കുൾപ്പെടെ ഭീഷണിയായി നിൽക്കുന്ന കടന്നൽക്കൂടുകൾ ഉടൻ നീക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.