 ഭീഷണിയായി \'ആറണി\' താറാവു മുട്ടകൾ

ആലപ്പുഴ: നാടൻ മുട്ടയെന്ന വ്യാജേന തമിഴ്നാട്, ആന്ധ്ര, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള \'വരത്തൻ\' താറാവു മുട്ടകൾ ജില്ലയിലെ താറാവ് കർഷകർക്ക് ഭീഷണിയാവുന്നു. അവിടങ്ങളിൽ നാലു രൂപയ്ക്ക് ലഭ്യമാവുന്ന മുട്ടകൾ ഏഴു മുതൽ ഒമ്പത്, പത്തു രൂപയ്ക്കു വരെയാണ് നാടനെന്ന വ്യാജേന ഇവിടെ വിറ്റഴിക്കുന്നത്. ഈ മുട്ടകൾ സ്വകാര്യ ഹാച്ചറികളിൽ വിരിയിച്ച്, രോഗപ്രതിരോധ ശേഷിയില്ലാത്ത കുഞ്ഞുങ്ങളെ വില്പനയ്ക്കു കൊണ്ടുവരുന്നതും നാടൻ കർഷകർക്ക് തിരിച്ചടിയാവുന്നുണ്ട്.

പ്രളയത്തിനുമുമ്പും ഇതരസംസ്ഥാനങ്ങളിൽ നിന്ന് താറാവു മുട്ടകൾ എത്തിയിരുന്നെങ്കിലും പ്രളയശേഷമാണ് \'ആറണി\' എന്നറിയപ്പെടുന്ന താറാവു മുട്ടകൾ വ്യാപകമായി എത്തിത്തുടങ്ങിയത്. നാടൻ മുട്ടകളേക്കാൾ വലിപ്പക്കുറവുള്ള ഇവ പെട്ടന്ന് കേടാവുകയും ചെയ്യും. വരവ് മുട്ടകളുടെ പരമാവധി ആയുസ് 10 ദിവസമാണ്. നാടൻ മുട്ടകൾ 25 ദിവസം വരെ കേടാവാതിരിക്കും. പ്രളയത്തിൽ താറാവുകൾ ചത്തുപോയതും ആയിരക്കണക്കിനു താറാവുകൾ ഒഴുകിപ്പോയതും കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു. ഇതോടെ ജില്ലയിലെ പല കർഷകരും കൃഷി ഉപേക്ഷിക്കുകയും ചെയ്തു. കൃഷി തുടരുന്ന കർഷകർക്കാണ് വരവു മുട്ടകൾ തലവേദനയായിരിക്കുന്നത്.

ചാര, ചെമ്പല്ലി തുടങ്ങിയ ഇനത്തിൽപ്പെട്ട താറാവുകളാണ് കുട്ടനാട്ടിലും മറ്റും സാധാരണയായി കാണുന്നത്. ഇതര സംസ്ഥാനത്തു നിന്നെത്തുന്ന മുട്ടകൾ സ്വകാര്യ ഹാച്ചറികളിൽ വിരിയിക്കാൻ തുടങ്ങിയതോടെ രോഗപ്രതിരോധശേഷി കുറവുള്ള പുതിയ \'തലമുറ\' പെരുകുകയാണ്. രോഗം വ്യാപിച്ചാൽ താറാവുകൾക്ക് കൂട്ടമരണത്തിനുള്ള സാദ്ധ്യതയുമുണ്ട്.

..........................................................

\'നാടൻ മുട്ടകളെന്ന പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മുട്ടകൾ താറാവുകളെ വളർത്തുന്നവർക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുന്നത്. മൂവായിരം താറാവുകളെ വളർത്തിയിട്ട് നിലവിൽ ആയിരം മുട്ട പോലും വാങ്ങാൻ ആവശ്യക്കാരില്ലാത്ത സ്ഥിതിയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഗുണനിലവാരമില്ലാത്ത മുട്ടകൾക്ക് പിന്നാലെയാണ് ആവശ്യക്കാർ പോകുന്നത്. നാടൻ തീറ്റകൊടുത്ത് വളർത്തുന്ന താറാവുകളുടെ ഒരു മുട്ടയ്ക്ക് ഏഴു രൂപ മുതലാണ് വില. ഇൗ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം\'

(പി.എസ്.രാജീവ്, റിട്ട.തഹസിൽദാർ, ഹരിതം കാർഷിക വികസന സമിതി അംഗം, പള്ളിപ്പുറം)

,............................................................

\'നാടൻ താറാവു കർഷകരിൽ നിന്നാണ് ഹാച്ചറികളിലേക്ക് മുട്ടകൾ വാങ്ങിയിരുന്നത്. ഇപ്പോൾ മുട്ട കിട്ടാനില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മുട്ടകൾ വിരിയിക്കാൻ പറ്റില്ല. നാടൻ മുട്ടകളെക്കാൾ വലിപ്പം കുറവും പെട്ടെന്ന് കേടാകുന്നതും പഴക്കമുള്ളതുമായിരിക്കും ഇവ. ജില്ലയുടെ പലഭാഗങ്ങളിലും വിലക്കുറവിൽ ഇൗ മുട്ട ലഭിക്കുന്നതിനാൽ നാടൻ താറാവു കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 14,000 താറാവു കുഞ്ഞുങ്ങളും വിരിയിക്കാൻ വച്ചിരുന്ന 1.20 ലക്ഷം മുട്ടകളും ഹാച്ചറിയിലെ യന്ത്ര സംവിധാനങ്ങളും കഴിഞ്ഞ പ്രളയത്തിൽ നശിച്ചു. നാടൻ മുട്ട ലഭിച്ചില്ലെങ്കിൽ കർഷകർക്ക് കുഞ്ഞുങ്ങളെ നൽകാൻ കഴിയാതെ വരും\'.

(വർഗീസ്, ഹാച്ചറി ഉടമ, ഇമാന്യുവൽ ഹാച്ചറി, ഹരിപ്പാട്)