ഹരിപ്പാട്: റേഷൻ കട അടയ്ക്കുന്നതിനിടെ, കടയുടമയായ യുവതി സമീപത്തെ സ്കൂട്ടറിൽ വച്ചിരുന്ന പണമടങ്ങിയ ബാഗും മൊബൈൽ ഫോണുമായി പെട്ടിഓട്ടോറിക്ഷക്കാരൻ കടന്നു. ആറാട്ടുപുഴ പത്തിശേരിൽ ജംഗ്ഷന് തെക്ക് പ്രവർത്തിക്കുന്ന എ.ആർ.ഡി - 260 നമ്പർ റേഷൻ കട ഉടമ കൊല്ലന്റെ കിഴക്കേതിൽ സഫീനയുടെ ഫോണും പണവുമാണ് കവർന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കടയടച്ച് വീട്ടിലേക്ക് പോകാനായി പണവും മൊബൈലും രേഖകളും അടങ്ങുന്ന ബാഗ് കടയുടെ സമീപമുണ്ടായിരുന്ന സ്‌കൂട്ടറിൽ വച്ച ശേഷം കടയുടെ ഷട്ടർ അടച്ചുകൊണ്ടിരുന്ന തക്കം നോക്കി പെട്ടിഓട്ടോക്കാരനായ യുവാവ്ഇവ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. മൊബൈലും ലൈസൻസും താക്കോലും 1,000 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. പണവും മൊബൈലും എടുത്ത ശേഷം ഉപേക്ഷിച്ച ബാഗ് പിന്നീട് നല്ലാണിക്കൽ ഭാഗത്തുനിന്നു കണ്ടെത്തി. തേങ്ങ കയറ്റുന്നതിന് പിൻഭാഗം സജ്ജീകരിച്ചിട്ടുള്ള ആപേ പെട്ടിആട്ടോയിലാണ് യുവാവ് എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.