a1
പി.കെ. രാമൻ

ആലപ്പുഴ: ഗാന്ധിജിയെ നേരിട്ടുകണ്ടതിന്റെ ഒളിമങ്ങാത്ത ഓർമ്മകളുമായി നൂറിന്റെ നിറവിലെത്തിയ രാമൻ ചേട്ടന് (പി.കെ. രാമൻ) നാടിന്റെ ആദരമൊരുങ്ങുന്നു. കഞ്ഞിപ്പാടം ഗോവിന്ദഭവനിൽ13ന് രാവിലെ 9.30ന് നടക്കുന്ന ആഘോഷ പരിപാടികൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

1937 ജനുവരി 17ന് കരുമാടി മുസാവരി ബംഗ്ലാവിൽ ഗാന്ധിജി എത്തിയിരുന്നു. അന്ന് 18 വയസായിരുന്നു രാമന്റെ പ്രായം. കഞ്ഞിപ്പാടത്തെ വീട്ടിൽ നിന്നു മൂന്നര കിലോമീറ്റർ തനിച്ചു നടന്നാണ് ഗാന്ധിജിയെ കാണാൻ എത്തിയത്. നല്ല തിരക്കുണ്ടായിരുന്നു ഈ സമയം ബംഗ്ളാവിലും പരിസരത്തും. വൈക്കത്തേക്കുള്ള ബോട്ട് യാത്രയ്ക്കായി തകഴി കടവിലേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു ഗാന്ധിജി. ഗാന്ധിജിക്കൊപ്പം കടവിലേക്ക് കുറേദൂരം നടക്കാനും കഴിഞ്ഞു.

ചിങ്ങത്തിലെ ഉത്തൃട്ടാതിയാണ്, കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റുകൂടിയായ രാമന്റെ പിറന്നാൾ. പ്രളയം മൂലം ആഘോഷങ്ങൾ മാറ്റിവയ്ക്കുകയായിരുന്നു. റിട്ട. അദ്ധ്യാപിക സരളാദേവിയും നാലു മക്കളും അടങ്ങുന്നതാണ് കുടുംബം.

ആഘോഷ ചടങ്ങിൽ കെ.സി. വേണുഗോപാൽ എം.പി രാമനെ ആദരിക്കും. അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്തംഗം പ്രജിത്ത് കാരിക്കൽ അദ്ധ്യക്ഷത വഹിക്കും.