ചാരുംമൂട് : ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പന്തളത്തു നിന്ന് ഇന്നലെ ആരംഭിച്ച ശബരിമല സംരക്ഷണയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം ഇന്ന് ജി​ല്ലയി​ൽ നി​ന്ന് തുടങ്ങും . നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തി​ൽ നിന്നും രാവിലെ ഒൻപതിന് യാത്ര പുറപ്പെടും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻ പിള്ളയും എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളിയും യാത്ര നയിക്കും. പടനിലത്തു നിന്നും പുറപ്പെടുന്ന സംരക്ഷണയാത്ര മുതുകാട്ടുകര, പാറ ജംഗ്ഷൻ, ഉമാമഹേശ്വരി ക്ഷേത്രം, പറയംകുളം, ചാരുംമൂട്‌, കരിമുളയ്ക്കൽ, എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്ര മൈതാനിയിലെത്തും. മാവേലിക്കര മണ്ഡലത്തിൽ കൂടി കടന്നു പോകുന്ന ശബരിമല സംരക്ഷണയാത്രയി​ൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് എൻ.ഡി.എ ജില്ലാ നേതൃത്വം അറിയിച്ചു.