ആലപ്പുഴ: ചുങ്കത്തെ ബിവറേജസ് കോർപറേഷൻ വിദേശമദ്യശാല ഇന്നലെ വൈകിട്ടോടെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ മദ്യശാലയുടെ മേൽക്കൂരയ്ക്കു താഴെയുള്ള ഭിത്തിയുടെ പകുതിയിലേറെ ഭാഗം വലിയ ശബ്ദത്തോടെ പൊട്ടി അകന്നിരുന്നു. പ്രീമിയം കൗണ്ടറിനോട് ചേർന്നുള്ള മുകൾ ഭാഗമാണ് പൊട്ടിയത്. മദ്യശാലയുടെ ഉള്ളിലുണ്ടായിരുന്ന ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും ഒാടി മാറുകയായിരുന്നു. \'കേരളകൗമുദി\'യിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ എക്സൈസ് ഉദ്യോഗസ്ഥരും ബിവറേജസ് കോർപറേഷൻ അധികൃതരും സ്ഥലത്തെത്തി കെട്ടിടം പരിശോധിക്കുകയും മദ്യശാല പൂട്ടാൻ നിർദ്ദേശിക്കുകയുമായിരുന്നു.

സമീപത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറുന്നതിന്, കെട്ടിട ഉടമയുമായി വാടകക്കാര്യത്തിൽ തീരുമാനമായിരുന്നില്ല. ഇക്കാരണത്താലാണ് വൈകിയത്. ദിവസം 20 ലക്ഷത്തിലധികം രൂപയുടെ വരുമാനമുള്ള മദ്യശാല അഞ്ചുദിവസത്തോളം പൂട്ടിയത് വലിയ നഷ്ടമാണ് കോർപ്പറേഷന് ഉണ്ടാക്കിയത്.