photo
ആക്രമണത്തിൽ പരിക്കേറ്റ കെ.എസ്. യു സംസ്ഥാന സെക്രട്ടറി റോഷനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് പ്രവർത്തകസമിതിയംഗം കെ.സി. വേണുഗോപാൽ എം.പി.യും ആശുപത്രിയിൽ സന്ദർശിക്കുന്നു.

ആലപ്പുഴ: ആർ.എസ്.എസ് , ഡി.വൈ.എഫ്.ഐ , എസ്.എഫ്.ഐ അടക്കമുള്ള സംഘടനകൾ ജില്ലയിൽ ക്രമസമാധാന നില തകർത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു.

ഇന്നലെ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി റോഷനെയും ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെയും ആർ.എസ്.എസ് ഗുണ്ടകളാണ് ആക്രമിച്ചത്. ഈ സംഭവം നടന്നു മണിക്കൂറുകൾക്കകമാണ് ഡി.വൈ.എഫ്.ഐ , എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യു ജില്ലാ ഭാരവാഹികളായ അനന്ദനെയും അഖിലിനെയും മർദിച്ചത്. കാർത്തികപ്പള്ളിയിൽ നടന്ന അക്രമത്തിലെ പ്രതികളെ മുഴുവൻ പൊലീസിന് അറിയാമായിരുന്നിട്ടും ഒരാളെ മാത്രം പേരിനു അറസ്റ്റ് ചെയ്തു. പൊലീസ് ഇത്തരം അക്രമങ്ങൾക്കു നേരേ കണ്ണടയ്ക്കുകയാണ്. ആഴ്ചകൾക്കു മുമ്പ് ഹരിപ്പാട്ട് ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലവിളിയുമായി പ്രകടനം നടത്തിയിട്ടും നടപടിയുണ്ടായില്ല. സംഭവത്തിൽ കുറ്റക്കാരെ ഉടൻ അറസ്റ്റുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.