plal-1
Pola

 വഴിമുടക്കി പോളയും ആഫ്രിക്കൻ പായലും

പൂച്ചാക്കൽ: വേമ്പനാട്ടു കായലിലും കൈവഴികളിലും പോളകൾ നിറഞ്ഞതോടെ മത്സൃബന്ധനവും കായൽയാത്രയും ദുസഹമായി. കായലിൽ മത്സ്യലഭ്യത കുറഞ്ഞതിനിടെയാണ് ജീവിതമാർഗം തടസപ്പെടുത്തിക്കൊണ്ട് പോള തിങ്ങിനിറയുന്നത്.

വേമ്പനാട്, കൈതപ്പുഴ, ചെങ്ങണ്ട, പൂച്ചാക്കൽ തോട്, മറ്റ് കൈവഴികൾ എന്നിവിടങ്ങളിലെല്ലാം പോളകളും ആഫ്രിക്കൻ പായലും അടക്കം നിറഞ്ഞിരിക്കുകയാണ്. ഇത് ഉൾനാടൻ മത്സ്യബന്ധനവും കായൽയാത്രയും കക്ക വാരലും പ്രതിസന്ധിയിലാക്കി. ഊന്നിക്കുറ്റികളിൽ പോള അടിയുന്നതിനാൽ കുറ്റികൾ ചായുകയും മറിയുകയും ചെയ്ത് വലകെട്ടാൻ കഴിയാതായി. പൊങ്ങൻ വലകളും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. കോരുവല, വീശുവല എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് പോള ശല്യം വലിയ ഭീഷണിയായിരിക്കുകയാണ്.

കക്കവാരൽ തൊഴിലാളികളുടെ അവസ്ഥയും സമാനമാണ്. കക്ക എക്കലിനടിയിലായി. പോളശല്യം പെരുത്തതോടെ കക്ക തൊഴിലാളികളും നിലനിൽപ്പിന് വേണ്ടി പൊരുതുകയാണ്. പെരുമ്പളം, ഊടുപുഴ, അഞ്ച്തുരുത്ത്, മൈലംതുരുത്ത്, കാക്കത്തുരുത്ത്, കോടംതുരുത്ത്, മാട്ടേൽ തുരുത്ത് തുടങ്ങിയ ദ്വീപുകളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്‌. ദ്വീപ് നിവാസികൾക്ക് മറുകര എത്തണമെങ്കിൽ ചെറുവള്ളങ്ങൾ വേണം. പോള നിറഞ്ഞതോടെ വള്ളത്തിലെ യാത്ര ദുഷ്കരമായി. പോള വകഞ്ഞുമാറ്റി മറുകരയിൽ എത്തണമെങ്കിൽ ഏറെ സമയം വേണ്ടിവരുന്നു. നൂറുകണക്കിനാളുകളാണ് എറണാകുളം ഉൾപ്പെടെയുള്ള മേഖലകളിലേക്ക് ഇവിടെ നിന്നു ദിവസേന ജോലിക്കു പോവുന്നത്. ഒട്ടനവധി വിദ്യാർത്ഥികളുമുണ്ട് രാവിലെയും വൈകിട്ടും മറുകര താണ്ടാൻ. ഇവർക്കാർക്കുംതന്നെ കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയുന്നില്ല.

കുട്ടനാടൻ പടശേഖരങ്ങളിൽ നിന്നും കൃഷി ആരംഭിച്ച മറ്റ് പാടശേഖരങ്ങളിൽ നിന്നുമാണ് പോളകൾ കായലുകളിലേക്ക് തള്ളിവിടുന്നത്. കായലിൽ ഉപ്പുവെള്ളം കയറുന്ന സമയത്ത് ഇവ ചീഞ്ഞുപോകും. ഇതിന് ഇനിയും മാസങ്ങൾ വേണ്ടിവരും. കുട്ടനാടൻ പാടശേഖരങ്ങളിൽ ഈ ഇടവേള സമയത്തും പോളകൾ വളർന്നുകൊണ്ടേയിരിക്കും. പോള ശല്യത്തിന് ശാശ്വത പരിഹാരമാണ് കണ്ടെത്തേണ്ടത്. ഉറവിടത്തിൽ തന്നെ ഇത് നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കലാണ് ഏക പോംവഴിയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കായലിൽ എത്തുന്ന പായലുകളെ അരിഞ്ഞ് നശിപ്പിക്കുന്ന ഒരു പദ്ധതി വർഷങ്ങൾക്കു മുമ്പ് നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ഇതിനായി മെഷീൻ ഘടിപ്പിച്ച ബോട്ടും സജ്ജമാക്കി. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

............................................

1. കക്ക കായലിലെ എക്കലിനടിയിൽ

2. പോളയിൽ കുടുങ്ങി ചെറുവള്ളങ്ങൾ

3. പോള ചീയേണ്ടത് ഉപ്പുവെള്ളത്തിൽ

4. യാത്ര മുടങ്ങി വിദ്യാർത്ഥികളും

5. വേണ്ടത് ശാശ്വത പരിഹാരം

.....................................................