a1
ബീച്ചിൽ അടഞ്ഞുകിടക്കുന്ന ടോയ്ലെറ്റ് ബ്ളോക്ക്

ആലപ്പുഴ: ബീച്ചിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനു കീഴിലുള്ള പുതിയ ടോയ്ലെറ്റ് ബ്ളോക്കിൽ വെള്ളവും വൈദ്യുതിയും എത്താത്തതിനാൽ ഉദ്ഘാടനം വൈകുന്നത് സഞ്ചാരികൾക്ക് തലവേദനയാവുന്നു.

കെ.സി. വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം മുടക്കി കഴിഞ്ഞ ഏപ്രിലിലാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. എന്നാൽ അവശ്യം വേണ്ട 'രണ്ടിന'ങ്ങൾക്കായി മെനക്കെടാൻ ആരുമില്ലാതായതോടെ മുടക്കിയ പണം വെറുതെയാവുന്ന അവസ്ഥയായി. കരാർ അടിസ്ഥാനത്തിൽ കെട്ടിടം വിട്ടുനൽകാനാണ് ഡി.ടി.പി.സി ആലോചിക്കുന്നത്. പക്ഷേ, അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാവാത്തതിനാൽ ഒരു കാര്യവും മുന്നോട്ടു നീങ്ങുന്നില്ല.

ബീച്ചിൽ നിലവിലുള്ള ഏക ടോയ്ലെറ്റിന് സന്ധ്യയോടെ പൂട്ട് വീഴും. വിജയ് പാർക്കിനു സമീപമുള്ള ടോയ്ലെറ്റിലും വൈദ്യുതി ഇല്ലാത്തതിനാൽ സന്ധ്യയ്ക്കു ശേഷം പ്രവർത്തിപ്പിക്കാൻ കഴിയില്ല. ബീച്ചിലുള്ള ഇ-ടോയ്ലറ്റുകളും ഉപയോഗ ശൂന്യമാണ്. മറ്റ് ജില്ലകളിൽ നിന്നെത്തുന്നവർ വൈകുന്നേരങ്ങളിൽ ശങ്ക തീർക്കാൻ നഗരത്തിലെ പെട്രോൾ പമ്പുകളെയും മറ്റുമാണ് ആശ്രയിക്കുന്നത്.

.............................

'' സഞ്ചാരികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഡി.ടി.പി.സി ടോയ്ലെറ്റ് ബ്ലോക്ക് സ്ഥാപിച്ചത്. നിർമ്മിതി കേന്ദ്രം നിർമ്മിച്ച കെട്ടിടം ഡി.ടി.പി.സിക്ക് കൈമാറിയിട്ടില്ല. കെട്ടിട നമ്പർ ഇല്ലാത്തതിനാലാണ് വൈദ്യുതി ലഭിക്കാത്തത്. നഗരസഭയിൽ അപേക്ഷ നൽകിയിട്ടുണ്ട്. വൈദ്യുതി ലഭിച്ചാലുടൻ ടോയ്ലെറ്റ് തുറന്നു നൽകും. വെള്ളത്തിന് കുഴൽക്കിണർ സ്ഥാപിച്ചിട്ടുണ്ട്''

(എം.മാലിൻ, ഡി.ടി.പി.സി സെക്രട്ടറി)