ആലപ്പുഴ: നഗരസഭാ പരിധിയിലെ മുഴുവൻ സ്‌കൂളുകളിലും നഗരസഭ എയ്റോബിക് കമ്പോസ്റ്റ് പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. ജില്ല മെഡിക്കൽ ഓഫീസ് -ജില്ലാ പൊലീസ് എന്നിവരുടെ സഹകരണത്തോടെ സ്‌കൂളുകളിൽ തുടങ്ങുന്ന സ്മൈൽ (സ്റ്റുഡന്റ് മൂവ്മെന്റ് ടൂ ഇംപ്രൂവ് ലിവിംഗ് എൻവയോൺമെന്റ്) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ സ്ഥാപനങ്ങളിൽ സ്ഥലമുള്ളിടത്തെല്ലാം പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയുണ്ട്. നഗരസഭയിലെ 52 വാർഡുകളിലും പ്ളാന്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സജീന ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം അഡ്വ. കെ.ടി.മാത്യു മുഖ്യപ്രഭാഷണം നടത്തി. ഡിവൈ.എസ്.പി പി.വി.ബേബി സ്മൈൽ ലോഗോ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.സി. ജയകുമാർ, ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, എസ്.പി.സി.പ്രൊജക്ട് ജില്ല നോഡൽ ഓഫീസർ കെ.പി. ജയചന്ദ്രൻ, സ്‌കൂൾ മാനേജർ എ.എം നസീർ, പ്രിൻസിപ്പൽ അഷറഫ് കുഞ്ഞ് ആശാൻ, പ്രധാനാദ്ധ്യാപിക പി.ഖദീജ, പി.ടി.എ. പ്രസിഡന്റ് എം.കെ.നവാസ് എന്നിവർ പങ്കെടുത്തു. ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി പദ്ധതി വിശദീകരിച്ചു.