 ഒരുലോഡ് പാറയ്ക്ക് ഇരട്ടിവില

ആലപ്പുഴ:ക്വാറി, ക്രഷർ ഉത്പന്നങ്ങളുടെ ക്ഷാമവും ക്രമാതീതമായ വിലവർദ്ധനവും പ്രളയാനന്തര പുനർനിർമ്മിതിക്ക് വിഘാതമാവുന്നു. സിമന്റ് ഒരു ചാക്കിന് 10 മുതൽ 20 രൂപ വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചത്. രണ്ടു മാസത്തിനിടെ നിർമ്മാണ വസ്തുക്കൾക്കും സേവനങ്ങൾക്കും 25 ശതമാനം വർദ്ധനവുണ്ടായത് ഉപഭോക്താക്കളെയും കരാറുകാരെയും ഒരേപോലെ വലയ്ക്കുകയാണ്.

ജില്ലയിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടന്ന വിവരശേഖരണ പ്രകാരം പ്രളയത്തിൽ അമ്പതിനായിരത്തിൽ പരം കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന കാരണം കുറഞ്ഞ നിരക്കിൽ കരാറുകാർക്ക് വർക്ക് പിടിക്കാനാവുന്നില്ല. കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ വീടു പണി ആരംഭിച്ചവർ നിറുത്തി വച്ചിരിക്കുകയാണ്. സർക്കാർ നൽകുന്ന നാലു ലക്ഷം രൂപയിൽ വീട് നിർമ്മാണം പൂർത്തിയാക്കാനാവില്ല. ഒരു ലോഡ് പാറയ്ക്ക് 12,000-13,000 രൂപ നൽകണം. ആറ് മാസം മുമ്പ് 6,000 രൂപയായിരുന്നു ലോഡൊന്നിന്.

കേരളത്തിലെ സവിശേഷ സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാന കമ്പനികളും നിർമ്മാണ സാമ
ഗ്രികൾക്ക് വൻതോതിൽ വില കൂട്ടിയത് തിരിച്ചടിയായിട്ടുണ്ട്. തമിഴ്നാട്ടിൽ സംസ്ഥാന സർക്കാർ അധീനതയിലുള്ള 'അമ്മ' ബ്രാൻഡ് സിമന്റ് അവിടത്തുകാർക്ക് 190 രൂപ നിരക്കിൽ ലഭ്യമാക്കുന്നുണ്ട്. തമിഴ്നാട് മാതൃകയിലുള്ള വാർഷിക നിരക്ക് കരാർ കേരളത്തിലും കൊണ്ടുവരണമെന്നാണ് കരാറുകാരുടെ ആവശ്യം.

.............................

'' തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരാറുകൾ ബഹിഷ്കരിക്കാതെ തരമില്ല. നിർമ്മാണ സാമഗ്രികളുടെ അടിക്കടിയുള്ള വിലക്കയറ്റവും 14 ശതമാനം ടാക്സും കരാറുകാർക്ക് താങ്ങാനാവില്ല. ആവശ്യക്കാർ നമ്മളായതുക്കൊണ്ട് അന്യ സംസ്ഥാന ലോബികളുടെ വിലപേശലിൽ അകപ്പെടും. മറ്റ് ജില്ലകളെപ്പോലെയല്ല ആലപ്പുഴ. എല്ലാ സാമഗ്രികൾക്കും ആന്യ സംസ്ഥാനങ്ങളെയും ജില്ലകളെയും ആശ്രയിക്കണം''

(തോമസ് കളരിക്കൽ, കേരള ഗവ.കോൺട്രാക്ടേഴ്സ് അസോ. ജില്ലാ ഒാർഗനൈസിംഗ് സെക്രട്ടറി)

..................................

''ആഭ്യന്തര ഉത്പാദനം വളരെ കുറവാണ്. മലബാർ സിമന്റിന്റെ ഉത്പാദനം എട്ടിൽ നിന്ന് 20ശതമാനമായി വർദ്ധിപ്പിക്കണം. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു. ടാറിന്റെ വിലക്കയറ്റമാണ് മറ്റൊരു പ്രശ്നം''

(വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, കേരള ഗവ.കോൺട്രാക്ടേഴ്സ് അസോ. )

....................................................

# ക്വാറി-ക്രഷർ മേഖലയിൽ നഷ്ടപരിഹാരം നൽകണം.

# വിപണിയിൽ ഇടപെടാൻ സർക്കാർ തയ്യാറാകണം.

# വാർഷിക നിരക്ക് കരാറുണ്ടാക്കി വ്യവസായ വകുപ്പ് ലഭ്യമാക്കണം.

# അണക്കെട്ടുകളിലെയും നദികളിലെയും മണൽ സംഭരിക്കണം

# മണൽ സംഭരണത്തിന് സർക്കാർ തലത്തിൽ ഏജൻസിവേണം

# മലബാർ സിമന്റിന്റെ ഉത്പാദനം 20 ശതമാമാക്കണം

.................................

(സിമന്റിന് ഒരാഴ്ച മുമ്പുള്ള വില, നിലവിലെ വില)

# അൾട്ര: 395- 410

# രാംകോ: 370-390

# ശങ്കർ: 370- 410

# ഡാൽമിയ- 375- 430

...................

(കമ്പിക്ക് ഒരാഴ്ച മുമ്പുള്ള വില, നിലവിലെ വില)

# ടാറ്റ-63- 68 (ഒരു കിലോ)

# കെ.എസ്.ഡബ്ള്യു- 62- 65