ചരിഞ്ഞത് ഇന്നലെ പുലർച്ചെ 2.04ന്
മാവേലിക്കര: ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഗജവീരൻ മാവേലിക്കര ഉണ്ണിക്കൃഷ്ണൻ ചരിഞ്ഞു. ഇന്നലെ പുലർച്ചെ 2.04നാണ് ചരിഞ്ഞത്. നാലുമാസമായി ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് കുഴഞ്ഞു വീഴുകയായിരുന്നു. 54 വയസുണ്ട് . വനംവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ മേൽനടപടികൾ സ്വീകരിച്ച ശേഷം കോന്നി കല്ലേലിൽ വനത്തിൽ എത്തിച്ച ജഡം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു.1992 മാർച്ച് 15ന് ദേവസ്വം ഭരണസമിതിയുടെയും നാട്ടുകാരുടെയും ശ്രമഫലമായി ബോർഡ് പ്രസിഡന്റ് രാമൻ ഭട്ടതിരിപ്പാട് ആണ് ഉണ്ണിക്കൃഷ്ണനെ നടക്കിരുത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ തലയെടുപ്പുള്ള ആനകളിൽ മൂന്നാം സ്ഥാനക്കാരനായിരുന്നു. തൃശൂർ പൂരത്തിലും ശബരിമലയിലും നിരവധി തവണ എഴുന്നള്ളിച്ചിട്ടുള്ള ശാന്തനും ലക്ഷണം ഒത്തതുമായ ആനയായിരുന്നു ഉണ്ണിക്കൃഷ്ണൻ. കളഭ കേസരി, ഗജരത്നം തുടങ്ങിയ പട്ടങ്ങളും ലഭിച്ചു. കോടനാട് ഡിവിഷനിൽ നിന്നാണ് ഉണ്ണിക്കൃഷ്ണനെ വാങ്ങിയത്. അന്ന് മുതൽ ഉണ്ണികൃഷ്ണനെന്നാണ് പേര്.
ആനപ്രേമികളുടെ പ്രണാമം
ഗജരത്നം മാവേലിക്കര ഉണ്ണിക്കൃഷ്ണന് ആന പ്രേമികളുടെ കണ്ണീരിൽ കുതിർന്ന പ്രണാമം. രാവിലെ 10.30 വരെ ക്ഷേത്രാങ്കണത്തിൽ പൊതുദർശനത്തിന് കിടത്തിയപ്പോൾ ഒരുനോക്കു കാണാൻ നൂറുകണക്കിന് ഭക്തരാണ് എത്തിയത്. ദേവസ്വം ബോർഡ് അംഗം കെ.രാഘവൻ, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി.ബൈജു, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ടി.കെ പ്രസാദ് എന്നിവരും അന്ത്യോപചാരം അർപ്പിക്കാൻ എത്തി. തുമ്പിക്കൈ കൊണ്ടു ഭക്ഷണം എടുക്കാൻ സാധിക്കാഞ്ഞതും പേശിബലക്ഷയവുമായിരുന്നു ഉണ്ണിക്കൃഷ്ണന്റെ രോഗം.ആന ചികിത്സകനായ വടക്കാഞ്ചേരി ആവണപ്പറമ്പിൽ മഹേശ്വരൻ നമ്പൂതിരിയുടെ നിർദ്ദേശത്തിൽ കിഴി, എണ്ണ ഇടീൽ ഉൾപ്പെടെയുള്ള ആയുർവേദ ചികിത്സകൾ നടന്നുവരികയായിരുന്നു. ഒരാഴ്ച മുൻപ് കിടന്നതിനു ശേഷം തനിയേ എഴുന്നേൽക്കാൻ സാധിക്കാതിരുന്ന ഉണ്ണിക്കൃഷ്ണനെ കയർ കെട്ടി ഉയർത്തുകയായിരുന്നു. വിധഗ്ധ ചികിത്സക്കായി ദേവസ്വം ബോർഡ് ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പേശിബല വർദ്ധനയ്ക്ക് ചികിത്സ തുടരുന്നതിനിടെയാണ് കുഴഞ്ഞു വീണത്.