sabarimala-women-entry

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമ നിർമ്മാണം നടത്തണമെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിൽ ആവശ്യപ്പെട്ടു. ഇന്നലെ ചേർത്തല ട്രാവൻകൂർ പാലസിൽ നടന്ന അടിയന്തര യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ച നിലപാടുകളെ ഐകകണ്ഠ്യേന അംഗീകരിച്ചു.

ഇപ്പോഴത്തെ സമരം നാഥനില്ലാത്തതാണ്. അതിന് ആളെക്കൂട്ടേണ്ട ബാദ്ധ്യത എസ്.എൻ.ഡി.പി യോഗത്തിനില്ല. എല്ലാ ഹിന്ദുസംഘടനകളുമായി ചർച്ച ചെയ്തിരുന്നെങ്കിൽ ആചാര സംരക്ഷണത്തിനുവേണ്ടി ഉത്തരവാദിത്വത്തോടെ യോഗം മുൻനിരയിലുണ്ടായേനെ. തങ്ങൾ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾക്കനുസരിച്ച് പ്രവർത്തകർ പങ്കുചേരുന്നതിന് യോഗം എതിരല്ല. കൂടുതൽ ചർച്ചകളും തീരുമാനങ്ങളുമെടുക്കുന്നതിനായി യൂണിയൻ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബോർഡ് അംഗങ്ങൾ എന്നിവരുടെ സംയുക്തയോഗം 17ന് രാവിലെ 11ന് ചേർത്തല അശ്വിനി റസിഡൻസിയിൽ ചേരും.

സുപ്രീംകോടതി വിധി നിരാശാജനകമാണ്. വിശ്വാസികളായ സ്ത്രീകൾ ആരും ശബരിമലയിൽ പ്രവേശിക്കില്ലെന്നാണ് യോഗവും കരുതുന്നത്. പ്രസിഡന്റ് എം.എൻ. സോമന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

തെരുവിലെ സമരം കലാപം സൃഷ്ടിക്കാൻ : വെള്ളാപ്പള്ളി

ഒരു വിധിയുടെ പേരിൽ തെരുവിൽ നടത്തുന്ന സമരം നാട്ടിൽ കലാപം സൃഷ്ടിക്കാനേ സഹായിക്കുകയുള്ളൂവെന്ന് കൗൺസിൽ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരും യോഗത്തിലുണ്ട്. അവർക്ക് അവരുടെ വിശ്വാസമനുമരിച്ച് നിലപാട് സ്വീകരിക്കാം. അത് യോഗത്തിന്റെ പേരിലാകരുത്. എസ്.എൻ.ഡി.പി യോഗം ആരോടൊപ്പവുമില്ല. എൻ.എസ്.എസ് അജൻ‌ഡയും ഞങ്ങളുടെ അജൻഡയും വെവ്വേറെയാണ്. സർക്കാരിനുവേണ്ടി നിൽക്കാൻ ഞങ്ങൾക്കൊരു ബാദ്ധ്യതയുമില്ല. കിരീടമുള്ള രാജാവാണ് പിണറായി. കിരീടമില്ലാത്ത രാജാവാണ് പന്തളത്തേത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ രാജകുടുംബം പോകാതിരുന്നത് മര്യാദകേടാണ്. പിണറായി എന്റെ ആരുമല്ല, ഞാൻ ആരുടെ വാലുമല്ല. വിധിയെ ജനം മറി കടക്കും. ആർത്തവകാലത്ത് സ്ത്രീകൾ വിളക്ക് കത്തിക്കാറില്ല, ക്ഷേത്രങ്ങളിൽ പോകാറില്ല. ശബരിമലയിലും പോകില്ലെന്നാണ് വിശ്വാസം. വിധിയെ വിശ്വാസം കൊണ്ട് മറികടക്കും. ഞാൻ ഭക്തരുടെ കൂടെയാണ്- വെള്ളാപ്പള്ളി പറഞ്ഞു.