ആലപ്പുഴ: ബൈപ്പാസിന്റെ ചില ഭാഗങ്ങളിൽ സർവ്വീസ് റോഡ് പൂർത്തിയാക്കാനും പദ്ധതിയുടെ ഭാഗമല്ലാതെ പോയ അധിക ജോലികൾ കൂടി പൂർത്തീകരിക്കാനും ആവശ്യമായ തുക കേന്ദ്രത്തോട് ആവശ്യപ്പെടാൻ മന്ത്രി ജി. സുധാകരൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബൈപ്പാസിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തന്നതിന് കളക്ടറേറ്റിൽ കൂടിയ ദേശിയപാത അതോറിട്ടി ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ബൈപ്പാസിന്റെ ഇരുവശവും 2.2 കിലോമീറ്റർ നീളത്തിൽ സർവ്വീസ് റോഡ് നിർമ്മിക്കേണ്ടതുണ്ട്. ഇരുഭാഗത്തുമുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന വിധത്തിലാവരുത് ബൈപാസിന്റെ നിർമ്മാണം പൂർത്തിയാക്കേണ്ടത്. കളർകോട്, കൊമ്മാടി, ഇ.എസ്.ഐ ജംഗ്ഷൻ എന്നിവിടങ്ങളിൽ ശാസ്ത്രീയമായി ജംഗ്ഷൻ നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രം പണി ചെയ്തില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ബൈപാസിന്റെ ഒരു ഭാഗത്ത് ഇനിയും കീറാമുട്ടിയായിത്തുടരുന്ന ജല അതോറിട്ടിയുടെയും കെ.എസ്.ഇ.ബിയുടെയും ലൈൻ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച തർക്കത്തിന് യോഗത്തിൽ പരിഹാരമായി. ജല അതോറിട്ടിയുടെ പൈപ്പ് ലൈൻ മാറ്റുന്നതിന് ഇന്ന് സംയുക്ത പരിശോധന നടത്താൻ നിർദ്ദേശം നൽകി. കെ.എസ്.ഇ.ബി യോടും തൊട്ടടുത്ത ദിവസം ലൈൻ മാറ്റി നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണിതെന്നും കേന്ദ്രവും സംസ്ഥാന സർക്കാരും പാതിവീതം പണം ചെലവഴിച്ച് ബൈപാസ് പണിയുമ്പോൾ പദ്ധതിയുടെ പുരോഗതിക്കിടെ സംസ്ഥാനത്തിന്റെ നിർദ്ദേശങ്ങൾ പലതും പരിഗണിക്കപ്പെടാത്തതിലും മന്ത്രി അമർഷം രേഖപ്പെടുത്തി. കരാറിൽത്തന്നെ ഉൾപ്പെടുത്തി ചെയ്യുന്നതിന് അംഗീകാരത്തിന് സമർപ്പിച്ചിരുന്ന അധിക ജോലികൾ ഇതുവരെ പൂർത്തീകരിക്കാത്തതിൽ മന്ത്രി ദേശീയപാത അധികൃതരെ അതൃപ്തി അറിയിച്ചു. ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ദേശീയപാത അതോറിട്ടിയും അവർ ഏർപ്പെടുത്തുന്ന കരാറുകാരും സംസ്ഥാന സർക്കാരിന്റെ വേഗത്തിനൊപ്പം വരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തിൽ ജില്ല കളക്ടർ എസ്. സുഹാസ്, പൊതുമരാമത്ത് സ്പെഷ്യൽ സെക്രട്ടറി കെ.എൻ. സതീശ്, ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ അശോക് കുമാർ, സൂപ്രണ്ടിംഗ് എൻജിനിയർ എസ്. സജീവ് എന്നിവർ സംസാരിച്ചു.