madhu
വീടിന്റെ പൊട്ടി തകർന്ന വീടിന് സമീപം മധു

ഹരിപ്പാട്: കായംകുളം കായലിലെ മണലെടുപ്പ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ നിലംപൊത്തുന്ന അവസ്ഥ. ആറാട്ടുപുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ ചക്കിനിക്കടവ് മുല്ലശേരിൽ പുതുവലിൽ മധു വിന്റെ വീട് ഏത് നിമിഷവും നിലം പൊത്താം. വികലാംഗനായ മധുവും ഭാര്യയും രണ്ടാം ക്ളാസുകാരി മകളും ജീവ ഭയത്തോടെയാണ് കഴിഞ്ഞുകൂടുന്നത്.കുടിയടപ്പ് അവകാശത്തിൽ ലഭിച്ച അഞ്ച് സെന്റിൽ പതിനഞ്ച് വർഷം മുമ്പാണ് കൈയിലുണ്ടായിരുന്നതും, കടം വാങ്ങിയും വീട് നിർമ്മിച്ചത്. വീട്ടിൽ താമസിച്ച് കൊതി തീരും മുമ്പേ ഭിത്തികളിൽ വിള്ളൽ വീഴാൻ തുടങ്ങി. ഇപ്പോൾ വീടിന്റെ എല്ലാ ഭാഗത്തും വലിയ വിള്ളൽ രൂപപ്പെട്ടു. ചിലയിടങ്ങളിൽ ഭിത്തി രണ്ടായി വേർപ്പെട്ട നിലയിലാണ്. വീട് കായലിലേക്ക് ചരിഞ്ഞ് നിൽക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് കായംകുളം താപനിലയം പ്രദേശത്തെ ഏക്കറു കണക്കിന് ഭൂമി വാങ്ങി. ഇതോടെ കൃഷി നിലങ്ങൾ പാഴ് നിലങ്ങളായി. ഇവിടങ്ങളിൽ മണലെടുപ്പ് രൂക്ഷമാണ്. മണലെടുപ്പിന്റെ തീവ്രത വർദ്ധിച്ചതോടെ വെട്ടത്തുകടവ് മുതൽ ചൂളത്തെരുവ് വരെയുള്ള ഭാഗങ്ങളിലെ കായലോരങ്ങൾ ഇടിഞ്ഞ് തുടങ്ങി. പ്രദേശത്തെ ഇരുപത് വീടുകളുടെ ഭിത്തികൾ വിണ്ടു കീറിയിട്ടുണ്ട്. വീടിന്റെ ശോചനീയാവസ്ഥ ബോദ്ധ്യപ്പെടുത്തി പഞ്ചായത്തിൽ നിരവധി തവണ അപേക്ഷ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മധു പറഞ്ഞു. വാസയോഗ്യമായ ഒരു ചെറിയ വീട് വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം..കേരളകൗമുദി ചക്കിനിക്കടവ് ഏജന്റാണ് മധു.