gangadharan-nair
പി. എസ്. ഗംഗാധരൻ നായർ പുത്തൻചന്ത പോസ്റ്റ് ഓഫീസിൽ (ഫയൽ ചിത്രം)

വള്ളികുന്നം: ഇരുകാലുകളും നഷ്ടപ്പെട്ട കാലത്ത് വിധിയെ പഴിച്ച് 'പ്രതിവിധി'ക്കു പിന്നാലെ പോവാതെ സധൈര്യം മുന്നോട്ടു നീങ്ങിയ ഗംഗാധരൻ നായർ (65) തപാൽ വകുപ്പിൽ 28 വർഷത്തെ സേവനത്തിനു ശേഷം പോസ്റ്റ് മാസ്റ്ററായി പടിയിറങ്ങിയപ്പോൾ ആ ഓഫീസിൽ നിന്ന് ഒപ്പമിറങ്ങിയത് ഒരു ചരിത്രം കൂടിയാണ്. ആത്മവിശ്വാസമാണ് അതിജീവനത്തിന്റെ അടിസ്ഥാനമെന്ന് സഹപ്രവർത്തകർക്കും സമൂഹത്തിനും തന്റെ ജീവിതത്തിലൂടെ ബോദ്ധ്യപ്പെടുത്തിയ ഇദ്ദേഹം, നിമിഷാർദ്ധം കൊണ്ട് ജീവിതം വെറുത്തുപോവുന്ന പുതു തലമുറയ്ക്ക് വലിയൊരു മാതൃക കൂടിയായി.

വള്ളികുന്നം പുത്തൻചന്ത ജയേഷ് ഭവനിൽ പി.എസ്. ഗംഗാധരൻ നായർ കഴിഞ്ഞ 29നാണ് പുത്തൻചന്ത പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിച്ചത്. കാലുകളിലെ രക്തക്കുഴലുകൾ അടയുന്ന അപൂർവ്വ രോഗത്തെ തുടർന്ന് 20 വർഷം മുമ്പ് ഇരുകാലുകളും മുറിച്ചു മാറ്റുകയായിരുന്നു. പ്രാഥമികാവശ്യങ്ങൾക്കും യാത്ര ചെയ്യാനുമൊക്കെ ആരെയും ആശ്രയിക്കാതിരുന്ന ഈ പോസ്റ്റ് മാസ്റ്റർക്ക്, ഓഫീസിൽ കാലിനു താങ്ങായി നിന്നത് സ്റ്റൂളുകൾ ആയിരുന്നു.

സൈനികനായ മൂത്ത മകൻ ജയേഷ് കൃത്രിമ കാലു വയ്ക്കാൻ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് വീടിനോട് ചേർന്നുള്ള ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സേവനം ചെയ്തിരുന്ന ഗംഗാധരൻ നായർ, ഗ്രാമീൺ പോസ്റ്റൽ ഡാക് സേവകിന്റെ യൂണിയൻ നേതാവും അംഗീകൃത പോസ്റ്റൽ യൂണിയനായ എ.ഐ.ജി.ഡി.എസ്.യുവിന്റെ മാവേലിക്കര ഡിവിഷണൽ പ്രസിഡന്റുമായിരുന്നു. അംഗൻവാടി ജീവനക്കാരിയായ ശോഭനാ കുമാരിയാണ് ഭാര്യ: ശ്യാം കൃഷ്ണൻ, ജയലക്ഷ്മി എന്നിവരാണ് മറ്റു മക്കൾ.