ആലപ്പുഴ: ആലപ്പുഴ നഗരപാത വികസന പദ്ധതി പൂർത്തിയാകുന്നതോടെ ആലപ്പുഴ നഗരം ആധുനിക നഗരമായി മാറുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പട്ടണത്തിലെ 21 റോഡ് നിർമ്മാണ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന കേരള റോഡ് ഫണ്ട് ബോർഡിന് പഴവീട് ജംഗ്ഷനുസമീപം ആരംഭിച്ച പദ്ധതി കാര്യാലയത്തിന്റെ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

എ-സി റോഡ് 150 കോടി രൂപ ചെലവിട്ട് ഉയർത്തി ചെയ്യാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ആലപ്പുഴ നഗരപാത വികസന പദ്ധതി പ്രകാരം നഗരത്തിലെ പി.ഡബ്ല്യുഡി റോഡുകളും ആധുനിക നിലവാരത്തിലേക്ക് മാറും. മുപ്പാലത്തിന്റെ സ്ഥാനത്ത് 4 പാലങ്ങൾ വരും. 700 കോടി രൂപയുടെ ഹബ്ബിന്റെ വിശദമായ പദ്ധതി രേഖ പൂർത്തിയായിട്ടുണ്ട്. ബഡ്ജറ്റിൽ ആലപ്പുഴയ്ക്ക് കാര്യമായൊന്നും ലഭിക്കാതിരുന്ന ഭൂതകാലം മാറ്റി സംസ്ഥാന സർക്കാർ വലിയ പദ്ധതികൾ നഗരത്തിൽ നടപ്പിലാക്കുകയാണ്. ആധുനിക റോഡുകളും മറ്റും നിർമ്മിക്കുമ്പോൾ ജനങ്ങളുടെ മനോഭാവവും മാറേണ്ടതുണ്ട്. റോഡ് കയ്യേറിയത് ഒഴിഞ്ഞു കൊടുക്കേണ്ടത് വികസന പ്രവർത്തനത്തിന് അനിവാര്യമാണ്.

ആലപ്പുഴ നഗരത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ 21 പ്രധാനപ്പെട്ട റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടു കൂടി നടപ്പാക്കാനുള്ള പദ്ധതിക്ക് 288 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പൂനെ ആസ്ഥാനമായുള്ള രോഹൻ രാജ്ദീപ് ടോൾവെയ് ലിമിറ്റഡ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു വർഷം കൊണ്ട് പണി പൂർത്തീകരിച്ച്, 13 വർഷത്തെ പരിപാലന വ്യവസ്ഥയോടെയാണ് കരാർ നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ നഗരസഭാ ചെയർമാൻ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, കൗൺസിലർമാരായ ഡി.ലക്ഷ്മണൻ, ഷീലമോഹൻ, വി.എൻ.വിജയകുമാർ, ജ്യോതിമോൾ, പ്രസന്ന ചിത്രകുമാർ, സജേഷ് ചക്കുപറമ്പിൽ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ദീപ്തി ഭാനു, പ്രോജക്ട് മാനേജർ കെ.ദിവാകരൻ എന്നിവർ പങ്കെടുത്തു.