അരൂർ: മോഷ്ടിക്കുന്ന ബൈക്കുകളിൽ കഞ്ചാവ്, മയക്കുമരുന്ന് കച്ചവടം തൊഴിലാക്കിമാറ്റിയ രണ്ട് കൗമാരക്കാരെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. എരമല്ലൂർ പുക്കാട്ടുവെളി ജ്യോതിഷ് (18), സുഹൃത്തും അരൂർ സ്വദേശിയുമായ 17കാരൻ എന്നിവരെയാണ് അരൂർ എസ്.ഐ കെ.എസ്. മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ നിസാർ, അനീഷ്, വേണു എന്നിവർ ചേർന്ന് പിടികൂടിയത്. മോഷ്ടിച്ച ബൈക്കുകളിൽ ഒരെണ്ണം എഴുപുന്ന റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു. അരൂർ മേഖലയിലെ വിവിധ ഐസ് പ്ലാൻറുകളിൽ നിന്ന് ജീവനക്കാരുടെ പണവും മൊബൈൽ ഫോണുകളും കവർന്നുവെന്നും പ്രതികൾ സമ്മതിച്ചു. കഞ്ചാവ് വിൽപ്പന, മോഷണം തുടങ്ങി 12 കേസുകളിൽ പ്രതിയാണ് ജ്യോതിഷ്.