a1
......

 എ.ടി.എം കൗണ്ടർ സുരക്ഷയിൽ ബാങ്കുകൾക്ക് അലംഭാവം

ആലപ്പുഴ: തൃശൂരിലും കൊച്ചിയിലും എ.ടി.എം കൗണ്ടറുകളിൽ നടന്ന കവർച്ച, ജില്ലയിലെ ഈ 'വഴിയോര പണപ്പെട്ടി'കളെ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ വർഷം ചെങ്ങന്നൂരും മാരാരിക്കുളത്തുമൊക്കെ എ.ടി.എം കൗണ്ടറുകളിൽ നിന്ന് പണം അപഹരിക്കപ്പെട്ടപ്പോൾ പൊലീസും ബാങ്ക് അധികൃതരും കുറച്ചു നാളത്തേക്ക് ജാഗരൂകരായിരുന്നെങ്കിലും വിഷത്തിന്റെ ചൂടകന്നപ്പോൾ കൗണ്ടറുകളുടെ കാവൽ വീണ്ടും തെരുവു നായ്ക്കളുടെ കൈകളിലായി!

മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത എ.ടി.എം കൗണ്ടറുകളിൽ ഇവ സജ്ജമാക്കണമെന്ന് മുമ്പ് പൊലീസ് നൽകിയ നിർദ്ദേശം ബാങ്കുകളുടെ നിസഹകരണം മൂലം വേണ്ടവിധം നടപ്പാക്കാനായില്ലെന്ന് പരാതിപ്പെടുന്നത് പൊലീസ് സേന തന്നെയാണ്. അന്ന് ഡി.ജി.പിയുടെ നിർദേശത്തെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും എ.ടി.എം സുരക്ഷ സംബന്ധിച്ച് പ്രത്യേക നിർദേശം നൽകിയിരുന്നു. സ്റ്റേഷൻ പരിധിയിലുള്ള കൗണ്ടറുകളുടെ ലിസ്റ്റ് തയ്യാറാക്കി സുരക്ഷ സംബന്ധിച്ച് ബാങ്കുകളെ അറിയിക്കമെന്നായിരുന്നു നിർദ്ദേശം. സഹകരണ ബാങ്കുകളുടേതടക്കം അടക്കം ജില്ലയിലെ മുഴുവൻ എ.ടി.എമ്മുകളിലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്ന നിർദ്ദേശം പല ബാങ്കുകളും പാലിച്ചില്ല.

ഒട്ടുമിക്ക എ.ടി.എം കൗണ്ടറുകൾക്കും പൂട്ട് ഇല്ലാത്ത അവസ്ഥയാണ്. കാർഡ് ഉപയോഗിച്ച് തുറക്കാൻ കഴിയും വിധം തയ്യാറാക്കുന്ന വാതിലുകൾ കുറേ നാൾ കഴിയുമ്പോൾ പ്രവർത്തന രഹിതമാവുകയും പിന്നീട് തള്ളിത്തുറക്കാവുന്ന വിധമാവുകയും ചെയ്യും. ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ട കൗണ്ടറുകളിൽ രാത്രിസമയങ്ങളിൽ ആവശ്യമായ വെളിച്ചമില്ല. പൊലീസ് നിർദേശത്തെത്തുടർന്ന് എ.ടി.എം കൗണ്ടറുകളിലെ കാമറകൾ ഇടയ്ക്കിടെ പരിശോധിക്കുക മാത്രമാണ് ബാങ്കുകൾ ഇപ്പോൾ ചെയ്യുന്നത്. നിരീക്ഷണ കാമറകൾ കൊണ്ടു മാത്രം മോഷ്ടാക്കളിൽ നിന്ന് ആവശ്യമായ സുരക്ഷ നൽകാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കാമറകൾ ദിവസേന പരിശോധിക്കാത്തതിനാൽ മോഷണം നടന്ന് ദിവസങ്ങൾ കഴിഞ്ഞാലെ മോഷ്ടാക്കളെക്കുറിച്ച് അറിയാൻ കഴിയുകയുള്ളു. ദിവസേന പരിശോധിക്കാത്തതിനാൽ കാമറ തകരാറിലാണോയെന്നുപോലും അറിയാൻ കഴിയില്ല.

ചില ബാങ്കുകൾക്ക് അവരുടേതായ സുരക്ഷാജീവനക്കാരുണ്ട്. എങ്കിലും പലപ്പോഴും ഇവർ ആശ്രയിക്കുന്നത് സ്വകാര്യ ഏജൻസികളെയാണ്. പല കൗണ്ടറുകളിലും പണമെടുക്കാനും നിക്ഷേപിക്കാനുമുൾപ്പെടെ ഒന്നിൽ കൂടുതൽ മെഷീനുകളുണ്ട്. ഒരേ സമയം ഒന്നിലേറെ ഉപഭോക്താക്കൾ കയറുന്നത് കൂടുതൽ തുക പിൻവലിക്കാൻ എത്തുന്നവരെ ആശങ്കയിലാക്കുന്നുണ്ട്. സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ ബാങ്കുകൾ നിർദ്ദേശം പാലിക്കണമെന്നാണ് പൊലീസിന്റെ പക്ഷം.

...........................................................

# സുരക്ഷയിൽ ബാങ്കുകളുടെ വാദങ്ങൾ

 സാമ്പത്തികമായി നഷ്ടമുണ്ടാവും

 സുരക്ഷയ്ക്ക് കാമറകളുണ്ട്

 മോഷണശ്രമങ്ങൾ വല്ലപ്പോഴും

 ചെറുപ്പക്കാരായ സെക്യൂരിറ്റിക്കാരില്ല

 ജാഗ്രത കാട്ടേണ്ടത് പൊലീസ്

........................

''എ.ടി.എമ്മുകൾക്ക് സുരക്ഷ ഒരുക്കുന്നതു സംബന്ധിച്ച് ബാങ്കുകൾക്ക് നൽകിയ നിർദേശം നിലവിൽ കുറേപ്പെരൊക്കെ പാലിക്കുന്നുണ്ട്. ഓരോ പൊലീസ് സ്റ്റേഷന്റെയും പരിധിയിലുമുള്ള എ.ടി.എമ്മുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ എ.ടി.എം കൗണ്ടറുകളുടെ നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകി''

(എസ്. സുരേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി)