ആലപ്പുഴ: പാതയോരങ്ങളിലെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ നഗരസഭ, റവന്യു ഉദ്യോഗസ്ഥർ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ടൗൺ യൂണിറ്റ് ആരോപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ മറവിൽ വ്യാപാരികളുടെ മാത്രം ബോർഡുകൾ നീക്കം ചെയ്യുകയും രാഷ്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും ബോർഡുകൾ നിലനിറുത്തുകയും ചെയ്യുന്നു. നീക്കുകയാണെങ്കിൽ മുഴുവൻ ബോർഡുകളും നീക്കണമെന്ന തങ്ങളുടെ ആവശ്യം ഉദ്യോഗസ്ഥർക്ക് അംഗീകരിക്കേണ്ടി വന്നെന്നും വ്യാപാരികൾ പറഞ്ഞു.
പ്രതിഷേധ സംഗമത്തിന് ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീർ ഇസ്മയിൽ, യൂണിറ്റ് ഭാരവാഹികളായ ബെന്നി ജോസഫ്, സുനിൽ മുഹമ്മദ്, മഹേഷ്, പ്രസാദ് ജഗദീഷ് തുടങ്ങിയവർ നേതൃത്വം നൽകി.