നിർമ്മാണം പൂർത്തിയായത് ഒരു വർഷം മുമ്പ്
പൂച്ചാക്കൽ: മെഗാ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി അരൂക്കുറ്റി ചൗക്കയിൽ രണ്ടുകോടി മുടക്കി ഒരു വർഷം മുമ്പ് പൂർത്തിയാക്കിയ ഹൗസ്ബോട്ട് ടെർമിനൽ കാടുകയറി നശിക്കുന്നു. ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയതോടെ, ഇവ കവർന്നെടുക്കാനെത്തുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യവും കൂടി.
യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രം, നിരീക്ഷണ ടവർ, ശുചിമുറികൾ എന്നീ സജ്ജീകരണങ്ങളുള്ള ഇവിടെ ഒരേസമയം അഞ്ച് ഹൗസ്ബോട്ടുകൾക്ക് നങ്കൂരമിടാനാവും. അരൂക്കുറ്റിയിൽ നിന്നു എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ഹൗസ്ബോട്ട് യാത്രകൾ കൂടുതൽ സജീവമാക്കാനും വിദേശികളെ ഉൾപ്പെടെ ആകർഷിക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത്. അധികൃതർ അവഗണിക്കുന്നതിനാൽ സജീവമായ സാമൂഹ്യവിരുദ്ധർ പകലും രാത്രിയിലുമൊക്കെ ഇവിടെ തമ്പടിച്ച് മദ്യ, മയക്ക് മരുന്ന് ഉപയോഗവും വില്പനയും നടത്തുന്നതായി പ്രദേശവാസികൾ പറയുന്നു. പൈപ്പുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിപ്പിച്ചിട്ടുണ്ട്. ടെർമിനൽ പരിസരത്ത് മാലിന്യ നിക്ഷേപവും പതിവാണ്. പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ് അധികൃതർ ഇവിടെ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
....................................
അവഗണിക്കാനാവാത്ത ചൗക്ക
തിരുവിതാംകൂറിന്റെ അതിർത്തിയായിരുന്ന അരൂക്കുറ്റി ചൗക്ക മർമ്മ പ്രധാന കേന്ദ്രമായിരുന്നു. സുരക്ഷാ പരിശോധന കേന്ദ്രം, കസ്റ്റംസ്, എക്സൈസ്, ട്രഷറി, ജയിൽ തുടങ്ങിയവ പണ്ട് ചൗക്കയിൽ പ്രവർത്തിച്ചിരുന്നു. ഇതിന്റെ ശേഷിപ്പുകളൊന്നും നിലവിൽ ഇവിടെയില്ല. രണ്ട് വശവും കായൽ ഒഴുകുന്നതും സമീപത്തെ രണ്ട് ചെറുദീപുകളും പ്രദേശത്തിന് മനോഹാരിത നൽകുന്നു.
......................................
'ഹൗസ്ബോട്ട് ടെർമിനൽ തുറന്നു പ്രവർത്തിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. അധികം വൈകാതെ ടെർമിനൽ പ്രവർത്തന സജ്ജമാക്കും'
(എ.എം. ആരിഫ് എം.എൽ.എ)