 കണ്ടക്ടർക്കെതിരെ നടപടിയില്ല

ചേർത്തല: പിൻഭാഗത്ത് രണ്ടു വശങ്ങളിൽ നിന്നായി രണ്ടു ചക്രങ്ങൾ ഊരിമാറ്റി, അറ്റകുറ്റപ്പണിക്ക് ഗാരേജിൽ ഇട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ 38 യാത്രക്കാരുമായി 29 കിലോമീറ്റർ സർവ്വീസ് നടത്തിയ ഡ്രൈവറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കണ്ടക്ടർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെച്ചൊല്ലി ജീവനക്കാർക്കിടയിൽ പ്രതിഷേധവുമുയർന്നു.

ചേർത്തല ഡിപ്പോയിലെ ഡ്രൈവർ പി.എസ്. ബൈജുവിനാണ് സസ്പെൻഷൻ. ഇന്നലെ രാവിലെ 5.45ന് ചേർത്തലയിൽ നിന്ന് വൈറ്റിലയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ജൻറം ബസാണ് യാത്രക്കാരുടെ ജീവൻ പന്താടിയത്. മെക്കാനിക്കൽ വിഭാഗം കഴിഞ്ഞ ഏഴിന് അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടിരുന്ന ബസാണിത്. സൂപ്പർ വൈസർ നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർമാർ രാവിലെ ബസ് എടുക്കുന്നത്. മറ്റൊരു ജൻറം ബസിനാണ് സർട്ടിഫിക്കറ്റ് നൽകിയതെങ്കിലും ഡ്രൈവർ അബദ്ധത്തിൽ ഈ ബസിലാണ് കയറിയത്! ഈ ഭാഗത്തെ സ്ഥിരം ഡ്രൈവറാണ് ബൈജു.

നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ വച്ച് ബസിന്റെ അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചേർത്തല ഡിപ്പോയിൽ വിവരം അറിയിക്കുകയായിരുന്നു. എട്ടുമുതൽ പത്തുവരെ നട്ടുകളാണ് ഒരു ചക്രത്തിലുള്ളത്. എന്നാൽ ഈ ബസിൽ പിൻഭാഗത്തുണ്ടായിരുന്ന രണ്ടു ചക്രത്തിലുംകൂടി എട്ടു നട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹെഡ് സ്വിച്ചും വൈപ്പറും ഉണ്ടായിരുന്നില്ല. സംഭവമറിഞ്ഞ കെ.എസ്.ആർ.ടി.സി എം.ഡി റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് ചേർത്തല എ.ടി.ഒ നൽകിയ റിപ്പോർട്ടിനത്തുടർന്ന് ഡ്രൈവറെ സസ്പെൻഡ് ചെയ്യുകയായിരുന്നു. അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു.

കെ.എസ്.ആർ.ടി.സിയിൽ ബസിന്റെ ഉത്തരവാദിത്വം ഡ്രൈവർക്കും കണ്ടക്ടർക്കും ഒരേപോലെയാണ്. ഈ സംഭവത്തിൽ കണ്ടക്ടർക്കെതിരെ യാതൊരു നടപടിയും എടുക്കാതിരുന്നതാണ് ഡിപ്പോയിലെ മറ്റു ജീവനക്കാരെ ചൊടിപ്പിച്ചത്.