ഇരുട്ടിലാവുന്നത് കഞ്ചാവ് മാഫിയയുടെ താവളം
കായംകുളം: ജില്ലയിലെ കഞ്ചാവ് മാഫിയയുടെ മുഖ്യ താവളമെന്ന് കുപ്രസിദ്ധിയുള്ള കായംകുളം മുക്കട ഭാഗത്തെ ദേശീയപാത സന്ധ്യകഴിഞ്ഞാൽ പൂർണ്ണമായും ഇരുളിന്റെ പിടിയലാവുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. ഒരൊറ്റ വഴിവിളക്കുപോലും ഇവിടെ തെളിയുന്നില്ല. അപകടങ്ങളും സാമൂഹ്യവിരുദ്ധ ശല്യവും പെരുകിയിട്ടും 'ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല' എന്നതാണ് നഗരസഭ അധികൃതരുടെ ഭാവം!
ഏറെ തിരക്കുള്ള മുക്കട ട്രാഫിക് ജംഗ്ഷൻ അന്തി മയങ്ങുന്നതോടെ പൂർണമായും ഇരുട്ടിലാവും. ഇവിടത്തെ ഹൈമാസ്റ്റ് ലൈറ്റും കണ്ണടച്ചിട്ട് മാസങ്ങളായി. സന്ധ്യ കടിഞ്ഞാൽ ഭീതിയോടെയാണ് ഇതുവഴി യാത്രക്കാർ സഞ്ചരിക്കുന്നത്. അഞ്ചു വർഷം മുൻപ് സ്വകാര്യ കമ്പനി വഴിവിളക്കുകൾ സ്ഥാപിച്ച് തൂണുകളിൽ പരസ്യങ്ങളും വച്ചശേഷം മടങ്ങിയതാണ്. പിന്നീട് അറ്റകുറ്റപ്പണികൾ നടത്താതിരുന്നതോടെ വിളക്കുകൾ കത്താതായി. കമ്പനിക്കാരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. യാത്രക്കാരെ കുരുക്കുന്ന മാമ്പ്രക്കന്നേൽ ലെവൽ ക്രോസും മുക്കടയിലാണ്. ദേശീയപാതയിൽ നിന്ന് കെ-പി റോഡിലെ രണ്ടാം കുറ്റി, ചൂനാട് ഭാഗങ്ങളിലേക്ക് തിരിയുന്നതും മുക്കടയിൽ നിന്നാണ്. ദേശീയ പാതയിലെ പ്രധാന അപകടമേഖല കൂടിയാണ് ഇവിടം. വഴിവിളക്കുകൾ കത്താതായത് ക്രിമിനലുകൾക്കാണ് ഏറെ അനുഗ്രഹമായത്.
എം.എസ്.എം കോളേജ് ജംഗ്ഷൻ മുതൽ എൻ.ടി.പി.സി വരെയുള്ള ഭാഗത്ത് എൽ.ഇ.ഡി വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചത് അടുത്തിടെയാണ്. ഇതിനായി ജില്ലാ റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് 38.82 ലക്ഷം രൂപ വൈദ്യുതി ബോർഡിന് കൈമാറിയിരുന്നു. 40 വാട്ട്‌സ് വീതമുള്ള 261 എൽ.ഇ.ഡി വിളക്കുകളാണ് ദേശീയപാതയുടെ വശങ്ങളിൽ സ്ഥാപിച്ചത്. കോളേജ് ജംഗ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെ 67 എൽ.ഇ.ഡി വിളക്കുകൾ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 6.06 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിക്കുകയും ചെയ്തിരുന്നു.
....................................
'ദേശീയപാതയിൽ തെരുവ് വിളക്കുകൾ കത്തിക്കുന്ന കാര്യത്തിൽ നഗരസഭയ്ക്ക് ഉത്തരവാദിത്വമില്ല. ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണിക്ക് ഉടൻ ടെൻഡർ നൽകും'
(നഗരസഭ അധികൃതർ)