ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ ചാനലിന്റെ ആഴം വർദ്ധിപ്പിക്കുന്നതിനായി ദേശീയ ജലപാതയ്ക്കും പാലത്തിനും ഇടയിലുള്ള ജലാശയത്തിൽ നിന്ന് മണൽവാരാൽ വള്ളക്കാരെ അനുവദിക്കണമെന്ന ആവശ്യം ശക്തമായി. 300ൽപരം വള്ളങ്ങളാണ് മുൻകാലങ്ങളിൽ ഇവിടെ നിന്ന് മണൽവാരി ഉപജീവനം നടത്തിയിരുന്നത്. പുഴകളിൽ നിന്നും ആറുകളിൽ നിന്നും മണൽ വാരുന്നത് നിരോധിച്ചപ്പോൾ ഇവർക്ക് തൊഴിൽ നഷ്ടമായി. ഇതോടെ ഒഴുകിയെത്തിയ മണലും ചെളിയും അടിഞ്ഞ് പാലത്തിന്റെ കിഴക്കുഭാഗത്ത് ചാനലിന് ആഴംകുറഞ്ഞു. ഇപ്പോൾ ഇവിടെ മുട്ടറ്റം വെള്ളം മാത്രമേ ഉള്ളൂ.
ശക്തമായ ഒഴുക്കിൽ കൂടുതൽ വെള്ളം എത്തുമ്പോൾ ചാലിന് ആഴമുണ്ടെങ്കിൽ മാത്രമേ വെള്ളം വേഗത്തിൽ ഒഴുകിമാറൂ.ജലസേചന വകുപ്പ് പുറക്കാട് പഞ്ചായത്തുമായി ധാരണയുണ്ടാക്കി 2005ൽ വള്ളത്തൊഴിലാളികളെ കൊണ്ട് മണൽ വാരി ചാനലിന് ആഴംകൂട്ടിയിരുന്നു. അന്ന് കരാർ നൽകിയതിലൂടെ അഞ്ച് ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിലേക്ക് കിട്ടിയിരുന്നു.
കഴിഞ്ഞ ദിവസം ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ഡ്രഡ്ജിംഗ് നടത്തുന്നതിന് പ്രാഥമിക സർവേ നടത്താൻ എത്തിയത് കടലിൽ നിന്നുള്ള വേലിയേറ്റ സമയത്തായിരുന്നു. വേലിയേറ്റ സമയത്ത് സ്പിൽവേ ചാനലിൽ ജലനിരപ്പ് കൂടുന്നതിനാൽ ആഴം ഉള്ളതായി തോന്നും. വേലിയിറക്കസമയത്ത് സർവേനടത്തിയാലേ കൃത്യമായ ആഴം അറിയാൻ കഴിയൂ.