ആലപ്പുഴ : ഓരോ ദിവസവും വിദ്യാർത്ഥികളുടെ ജീവൻ വെള്ളത്തിൽ വീണ് പൊലിയുന്ന വാർത്തകൾ കേൾക്കുമ്പോൾ രക്ഷിതാക്കളുടെ മനസിൽ തീയാണ്. നീന്തൽ വശമില്ലാതെ, ജലാശയങ്ങളിലിറങ്ങുന്ന കൗമാരക്കാരും യുവാക്കളുമാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും സ്കൂൾ വിദ്യാർത്ഥകൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതി ഫണ്ടില്ലാതെ മുങ്ങിപ്പോയി.

കുളിക്കാനിറങ്ങുമ്പോൾ, വീടിനടുത്ത് വെള്ളക്കെട്ടിന് സമീപത്തു കൂടെ സഞ്ചരിക്കുമ്പോൾ... ഇങ്ങനെ വിദ്യാർത്ഥികൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. പുഴകളുടെയും വെള്ളത്തിന്റെയും സ്വന്തം നാടായ ആലപ്പുഴയിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങളുടെ ഭീഷണി കൂടുതലുമാണ്. നീന്തൽ വശമില്ലാത്തതാണ് കുട്ടികളുടെ ജീവൻ പൊലിയുന്നതിനു പിന്നിലെ കാരണങ്ങളിലൊന്ന്. കൂട്ടുകാരുമായി ചേരുമ്പോൾ അമിത ആത്മവിശ്വാസത്തിന്റെ പേരിൽ നീന്തലറിയാതെ വെള്ളത്തിലിറങ്ങുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.

ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പൊലിഞ്ഞത് മൂന്ന് വിദ്യാർത്ഥികളുടെ ജീവനുകളാണ്. കഞ്ഞിക്കുഴി മാടത്തിങ്കൽ ലാലിന്റെ മകൻ ചാരമംഗലം ഡി.വി.എച്ച്.എസിലെ എട്ടാംക്ളാസ് വിദ്യാർത്ഥി വിനായകൻ(13) പുത്തനമ്പലം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് മുങ്ങിമരിച്ചത്. വീടിന് സമീപത്തെ വെള്ളച്ചാലിൽ വീണാണ് നാലാം ക്ളാസ് വിദ്യാർത്ഥിനി വേഴപ്ര കളരിപ്പറമ്പിൽ ജിജോമോൻ കെ.സേവ്യറിന്റെ മകൾ ആൻമരിയ ജിജോ(പൊന്നു-9) കഴിഞ്ഞ പത്തിന് മുങ്ങിമരിച്ചത്. ഇന്നലെ അനുജനൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച പ്ളസ് വൺ വിദ്യാർത്ഥി ഭരണിക്കാവ്, മഞ്ഞാടിത്തറ.വ്യന്ദാവനം വീട്ടിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ സുമേഷ് കുമാറിന്റെ മകൻ അജയ് സുമേഷ്(16) ആണ് അവസാനത്തെ ഇര.

അഗ്നിശമന സേനയുടെ കണക്കുപ്രകാരം എട്ട് മാസത്തിനുള്ളിൽ ആലപ്പുഴ ഓഫീസിന്റെ പരിധിയിൽ മാത്രം വെള്ളത്തിൽ പൊലിഞ്ഞത് മുപ്പതോളം ജീവനുകളാണ്. മരിച്ചവരിൽ ഏറെയും യുവാക്കളും കുട്ടികളുമാണ്.

‘മിഷൻ 676’ പദ്ധതി മുങ്ങി !

തട്ടേക്കാട് ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലിപ്പിക്കാൻ ‘മിഷൻ 676’ എന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകിയിരുന്നു. എന്നാൽ ഫണ്ട് ലഭിക്കാതായതോടെ പദ്ധതി മുടങ്ങി. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗം നീന്തൽ പരിശീലനം നൽകുന്നതായിരുന്നു പദ്ധതി. ഇരുപത്തിനാല് കുട്ടികളടങ്ങുന്ന ബാച്ചിന് നിശ്ചിത സമയം പരിശീലനം നൽകും. ആഴ്ചയിൽ രണ്ട് ദിവസം ഒരുമണിക്കൂർ വീതം മൂന്ന് മാസമാണ് പരിശീലനകാലാവധി.

 രണ്ട് കേന്ദ്രങ്ങൾ

ജില്ലയിൽ ആര്യാട് പഞ്ചായത്തിലെ കോമളപുരത്തിന് കിഴക്കുള്ള പ്ളാച്ചിക്കുളത്തിലും മുതുകുളം ഹൈസ്ക്കൂളിലുമാണ് പരിശീലനത്തിന് സ്ഥലം കണ്ടെത്തിയത്. കോമളപുരത്തെ പഞ്ചായത്ത് വക കുളം ഫയർഫോഴ്സ് നേരിട്ടു ഏറ്റെടുത്താണ് പരിശീലനം നൽകിയത്. മുതുകുളത്ത് പോർട്ടബിൾ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചായിരുന്നു പരിശീലനം.

നീന്തൽ പരിശീലനത്തിന്

 നീന്തൽ പരിശീലന ചുമതല ത്രിതലപഞ്ചായത്തുകളെ ഏല്പിക്കണം  ഫയർ ആന്റ് റെസ്‌ക്യൂ, പൊലീസ്, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ പരിശീലന പദ്ധതിക്ക് രൂപം നൽകണം.  ഫയർ ഫോഴ്സിന്റെ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ പരിശീലനത്തിന് ഉപയോഗിക്കണം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി കല്ല് കെട്ടി സംരക്ഷിച്ചിട്ടുള്ള അമ്പലക്കുളങ്ങൾ പരിശീലനത്തിന് പഞ്ചായത്തുകൾക്ക് ഉപയോഗിക്കാം