മാവേലിക്കര: കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മടങ്ങുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിലായി. കൊലപാതക ശ്രമക്കേസിലെ പ്രതി, കണ്ണൂർ പയ്യന്നൂർ അറവഞ്ചേരി മീനത്തേതിൽ സോമനാണ് (60) പിടിയിലായത്. പുല്ലുകുളങ്ങര കൊച്ചിയുടെ ജട്ടിയിലെ ബന്ധുവീട്ടിൽ കഴിഞ്ഞുവരുന്നതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പിടിയിലായത്.നഗരസഭ ബസ്‌സ്റ്റാൻഡിൽ തിങ്കൾ ഉച്ചയ്ക്ക് 1.30നാണ് കരീലക്കുളങ്ങര സ്റ്റേഷനിലെ പൊലീസുകാരെ വെട്ടിച്ചാണ് പ്രതി രക്ഷപ്പെട്ടത്.
മാവേലിക്കര സബ്ജയിലില്‍ വിചാരണത്തടവുകാരനായി കഴിയവേ ആലപ്പുഴ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി തിരികെ വരും വഴിയാണ് സംഭവം. ഹരിപ്പാട് നിന്ന് സ്വകാര്യ ബസിൽ രണ്ടു പൊലീസുകാർക്കൊപ്പം വന്ന പ്രതി നഗരസഭ ബസ് സ്റ്റാൻഡില്‍ ഇറങ്ങുന്നതിനിടെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. 2017ൽ കരീലക്കുളങ്ങര സ്‌റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക ശ്രമക്കേസിൽ പ്രതിയാണ്.