photo
സൂര്യനാരായണൻ

ആലപ്പുഴ : പരാധീനതകൾക്ക് നടുവിൽ നിന്നാണ് ദുബായിൽ മത്സരത്തിനെത്തിയതെങ്കിലും രാജ്യത്തിന്റെ അഭിമാനമുയർത്തിയ വിജയത്തോടെ സൂര്യനാരായണൻ സ്റ്റാറായി. ദുബായിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് മൽസരത്തിൽ ബെഞ്ച് പ്രസ് വിഭാഗത്തിൽ വെങ്കല മെഡലാണ് ആലപ്പുഴ പഴവീട് ആശാനിവാസിൽ സൂര്യനാരായണൻ നേടിയത്.

സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും കടം വാങ്ങിയും സ്വരൂപിച്ച ഒരുലക്ഷത്തോളം രൂപമുടക്കിയാണ് സൂര്യനാരായണൻ മത്സരത്തിൽ പങ്കെടുത്തത്. ചെറുപ്പം മുതൽ ജിംനേഷ്യത്തിൽ പോകുന്ന സൂര്യനാരായണൻ പത്തുകൊല്ലമായി പവർ ലിഫ്റ്റിംഗ് മൽസരങ്ങളിൽ പങ്കെടുക്കുന്നുണ്ട് . 2016ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന പവർ ലിഫ്റ്റിംഗ് മൽസരത്തിൽ സ്വർണ്ണ മെഡൽ നേടി. 2016ൽ കോയമ്പത്തൂരിൽ നടന്ന ദേശീയ പവർ ലിഫ്റ്റിംഗ് മൽസരത്തിലും 20l7 ൽ ജാർഖണ്ഡിൽ നടന്ന ദേശീയ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലും സ്വർണം നേടി. സ്വാമി ജിമ്മിലെ പ്രവീൺ രാധാകൃഷ്ണന്റെ ശിക്ഷണത്തിലാണ് സൂര്യനാരായണന്റെ പരിശീലനം . ഇപ്പോഴും സൂര്യനാരായണന് പ്രത്യേകിച്ച് ജോലിയൊന്നുമായില്ല. എൻജിനിയറിംഗ് ബിരുദധാരിയായ മകൻ വിഷ്ണുസൂര്യയ്ക്കും ജോലിയായിട്ടില്ല. ആശയാണ് സൂര്യനാരായണന്റെ ഭാര്യ.