ചേർത്തല:തൈക്കൽ,ഒറ്റമശേരി ഭാഗത്തെ രൂക്ഷമായ കടലാക്രമണം തടയാൻ 490 മീറ്റർ നീളത്തിൽ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മാണത്തിന് 225 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി ഭരണാനുമതിക്ക് സമർപ്പിച്ചതായി ഇറിഗേഷൻ വകുപ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകി.പ്രദേശത്തെ രൂക്ഷമായ കടലാക്രമണം തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ശരത് നൽകിയ ഹർജിയിൽ കമ്മീഷൻ അംഗം പി.മോഹനദാസ് കടലാക്രമണ പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ചിക്കുകയും അടിയന്തരമായി കടൽഭിത്തി നിർമ്മിക്കുന്നതിന് കളക്ടർക്ക് ഉത്തരവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് റിപ്പോർട്ട് നൽകിയത്.കടക്കരപ്പള്ളി തീരപ്രദേശത്തെ സ്ഥിതിവിശേഷം അതീവ ഗുരുതരമാണെന്നും കടൽഭിത്തി കെട്ടാതെ കരിങ്കല്ല് കടലോരങ്ങളിൽ നിക്ഷേപിച്ചിട്ട് പ്രയോജനമില്ലെന്നും സർക്കാരിന് ഭീമമായ നഷ്ടം മാത്രമാണുണ്ടാകുന്നതെന്നും റിപ്പോർട്ടിലുണ്ട്. തീരപ്രദേശങ്ങളിലെ താമസക്കാരിൽ ഭൂമി,വീട്, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ നഷ്ടപ്പെട്ടവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികളെ കുറിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മിഷൻ ആവശ്യപ്പെട്ടു.