ആലപ്പുഴ : പൈപ്പ് പൊട്ടിയത് എവിടെയെന്നറിയാതെ റോഡിൽ കുഴിയെടുത്ത് യാത്രക്കാർക്ക് എട്ടിന്റെ പണി കൊടുത്ത് വാട്ടർ അതോറിട്ടി. പൈപ്പിലെ പൊട്ടൽ പരിഹരിച്ചതുമില്ല. റോഡ് വെട്ടിപ്പൊളിച്ചതു മാത്രം മിച്ചം.
ഇരുമ്പ് പാലത്തിന്റെ തെക്ക് ഭാഗത്ത് പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുവാൻ തുടങ്ങിയിട്ട് ആഴ്ചകളായിരുന്നു . നിരവധി തവണ വാട്ടർ അതോറിട്ടി അധികൃതരെ വിളിച്ച് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പരാതികൾക്ക് ഒടുവിൽ ഇന്നലെ പൈപ്പ് ലൈൻ നന്നാക്കാൻ തൊഴിലാളികൾ എത്തി.
റോഡിന്റെ മുക്കാൽ ഭാഗത്തോളം കുഴിച്ചപ്പോഴാണ് പൈപ്പ് പൊട്ടിയ ഭാഗത്തല്ല കുഴിയെടുത്തതെന്ന് തൊഴിലാളികൾ തിരിച്ചറിഞ്ഞത്. തുടർന്ന് പണി നിറുത്തിപ്പോയി. ഇതോടെ 'പണി" ട്രാഫിക് പൊലീസിനായി. റോഡിന്റെ നടുഭാഗത്താണ് കുഴിയെന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടായി. ഇന്നലെ തിരക്ക് കുറഞ്ഞ ദിവസമായിട്ടും ഇരുമ്പ്പാലത്തിൽ വലിയ ട്രാഫിക് ബ്ലോക്കാണുണ്ടായത്. ഇൗ കുഴിമൂടുന്നതുവരെ വാഹനയാത്രക്കാർക്ക് അപകടയാത്രയായിരിക്കും.
പൈപ്പ് പൊട്ടൽ വ്യാപകം
ഇരുമ്പ് പാലത്തിന്റെ പല ഭാഗങ്ങളിലും പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. പാലത്തിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും പൈപ്പ് ലൈൻ പൊട്ടി വൈള്ളം റോഡിലൂടെ ഒഴുകുകയാണ്. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം ലഭിക്കാത്ത അവസ്ഥയുള്ളപ്പോഴാണ് ഇവിടെ കുടിവെള്ളം പാഴാകുന്നത്. പൈപ്പിന്റെ ചോർച്ച അടക്കുന്നതിൽ വാട്ടർ അതോറിട്ടി അനാസ്ഥ കാട്ടുകയാണെന്നാണ് നഗരവാസികൾ ആരോപിക്കുന്നത്.
വെള്ളം കിട്ടിയിട്ട് മൂന്ന് ആഴ്ച
ഇരുമ്പ് പാലത്തിന് സമീപം പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത് കാരണം എം.ഒ വാർഡിന്റെ പല ഭാഗങ്ങളിലും കുടിവെള്ളം എത്തിയിട്ട് മൂന്ന് ആഴചയായി. ഗ്രേസ് പാർക്ക്,റെഡ്യാർ കോളനി എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങിയത്. പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഇവിടെ ആളുകൾ.
...............................
'' . ഇരുമ്പു പാലത്തിന് സമീപത്തെ കുഴി അടച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇവിടെ ട്രാഫിക് ബ്ലോക്കിന് ഇടയാക്കും. മഴ തുടങ്ങിയാൽ റോഡിലെ കുഴികൾ വീണ്ടും കുളമാകും.''
(ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ)