അർഹരുടെ അക്കൗണ്ടുകളിൽ ഇന്നും നാളെയുമായി പണമെത്തും.

ആലപ്പുഴ: പ്രളയബാധിതർക്കുള്ള ധനസഹായ വിതരണം ഇന്ന് പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. ഇനിയും പണം ലഭിക്കാത്ത, അർഹരുടെ അക്കൗണ്ടുകളിൽ ഇന്ന് വൈകിട്ടോടെ പണമെത്തും.

ജില്ലയിൽ ആറു താലുക്കുകളിലുമായി ഇതുവരെ 1,93,000 അപേക്ഷകൾ ലഭിച്ചു. ഇതിൽ ഇന്നലെ വൈകിട്ടുവരെ 1,61,000 അപേക്ഷകർക്ക് ധനസഹായം അനുവദിച്ചു. രണ്ടുഘട്ടങ്ങളിലായാണ് പ്രളയ ബാധിതരുടെ അപേക്ഷക‌ൾ സ്വീകരിച്ചത്. രണ്ടാംഘട്ടത്തിൽ ലഭിച്ച 72,908 അപേക്ഷകരിൽ 32,644 പേർ അനർഹരാണെന്ന് കണ്ടെത്തി. ഇവരുടെ അപേക്ഷകൾ തള്ളി. പ്രളയത്തിനു ശേഷം ക്യാമ്പുകളിൽ കഴിയുന്നവർ വീട്ടിലേക്ക് മടങ്ങുമ്പോൾ അടിയന്തിര ധനസഹായമായി 10,000 രൂപാ കൊടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും പണം എല്ലാവർക്കും കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. . ആദ്യഘട്ടങ്ങളിൽ ഒരുലക്ഷത്തിലധികം പേർക്ക് പണം അനുവദിച്ച് നൽകിയെങ്കിലും പിന്നീട് പലർക്കും പണം ലഭിക്കാൻ വൈകി. ഒരുപ്രദേശത്തുള്ള ചിലർക്ക് പണം ലഭിക്കുകയും കുറച്ചു പേർക്ക് ലഭിക്കാതെയും വന്നതോടെ പരാതിയുമായി നിരവധി കുടുംബങ്ങളാണ് എത്തിയത്.

സെപ്തംബർ അഞ്ചാംതീയതി വരെ ലഭിച്ച അപേക്ഷയാണ് അദ്യഘട്ടത്തിൽ പരിഗണിച്ചത്. പരാതിയെത്തുടർന്ന് രണ്ടാംഘട്ടത്തിൽ 25 -ാം തീയതിവരെ അപേക്ഷ നൽകാനുള്ള അവസരം നൽകി. ഇൗ അപേക്ഷകൾ കൂടി പരിഗണിച്ചാണ് ധനസഹായം വിതരണം ചെയ്തത്.ആദ്യഘട്ടത്തിൽ ബി.എൽ.ഒ മാർ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശം നടത്തിയാണ് അർഹതപ്പെട്ടവരെ ഉൾപ്പെടുത്തിയത്. എന്നാൽ ബി.എൽ.ഒ മാരുടെ റിപ്പോർട്ടിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടായെന്നും അർഹതപ്പെട്ട പലർക്കും പണം ലഭിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു. രണ്ടാംഘട്ടത്തിൽ ലഭിച്ച അപേക്ഷകൾ വില്ലേജ് ഒാഫിസർമാരാണ് പരിശോധിച്ച് അർഹരെയും അനർഹരെയും കണ്ടെത്തിയത്. അടിയന്തരമായി പണം നൽകുന്നതിനായ് ശനിയാഴ്ചയും ഞായറാഴ്ചയും ഉദ്യോഗസ്ഥരോട് ജോലിക്ക് ഹാജരാകാൻ കളക്ടർ നി‌ർദേശം നൽകിയിരുന്നു. ഇന്ന് വൈകിട്ടോടെ അർഹതപ്പെട്ട എല്ലാവരുടെയും അക്കൗണ്ടുകളിൽ പണം എത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇന്നും നാളെയും അക്കൗണ്ടുകളിൽ പണമെത്താത്തവരുടെ കാര്യത്തിൽ മറ്റ് നിർദേശങ്ങളൊന്നും നൽകിയിട്ടില്ല.

രണ്ടാംഘട്ടത്തിൽ ലഭിച്ച 72,908 അപേക്ഷകളിൽ 32,644അപേക്ഷകൾ തള്ളി

അപേക്ഷകൾ ലഭിച്ചത് , നിരസിച്ചത്

ചേർത്തല 20,176- 14,446

അമ്പലപ്പുഴ 22179- 7582

കുട്ടനാട് 4977- 524

കാർത്തികപള്ളി 14671- 4106

മാവേലിക്കര 1247- 648

ചെങ്ങന്നൂർ 9658- 5338