വളളികുന്നം: വട്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ കളിത്തട്ടിന്റെ പുനർ നിർമ്മാണം വൈകുന്നതിൽ ഭക്തജനങ്ങൾക്ക് പ്രതിഷേധം. ക്ഷേത്രത്തിനോട് ചേർന്ന് ഇരട്ട കളിത്തട്ടുകളാണ് ഏതു നിമിഷവും നിലം പൊത്തുന്ന അവസ്ഥയിലുളളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കളിത്തട്ടുകൾ വള്ളികുന്നത്തെ തിരു ശേഷിപ്പുകളിൽ ഇടം നേടിയതാണ്.പൂർണമായും തടി നിർമ്മിതമാണ്. പുനർനിർമ്മാണം വേണമെന്ന ആവശ്യത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ.രാഘവന്റെ ഇടപെടലിലൂടെ ആറര ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.എന്നാൽ ഫണ്ട് അനുവദിച്ച് എട്ട് മാസം കഴിഞ്ഞിട്ടും കരാർ നടപടി പൂർത്തിയാവാതെ നീണ്ടു പോകുകയാണ്. നിർമ്മാണം ഉടൻ തുടങ്ങണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭക്തജനങ്ങൾ മുന്നറിയിപ്പ് നല്കി.