pkl-1
നവീകരണ പ്രവർത്തനം നിലച്ച പൂച്ചാക്കൽ മാർക്കറ്റിലെ കടമുറികളിലെ ഷട്ടറുകളുടെ അടിഭാഗം തുരുമ്പെടുത്ത നിലയിൽ

 പൂച്ചാക്കൽ മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ നിലച്ചു

പൂച്ചാക്കൽ: പൂച്ചാക്കൽ മത്സൃ - പച്ചക്കറി മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതോടെ, നിർമ്മാണം പൂർത്തിയായ കെട്ടിടത്തിലെ കടമുറികളുടെ ഷട്ടറുകൾ തുരുമ്പെടുത്ത് നശിക്കുന്നു. വർഷങ്ങളുടെ പഴക്കമുള്ളതാണ് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൂച്ചാക്കൽ മാർക്കറ്റ്.

മാർക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി മാർക്കറ്റിന്റെ കിഴക്കുഭാഗത്തായി എട്ട് കടമുറികളാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിൽ വടക്കുഭാഗത്തെ കടമുറികളിലെ ഷട്ടറുകളുടെ അടിഭാഗമാണ് തുരുമ്പെടുത്തു നശിക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് ഇവിടെ വെള്ളം കയറിയിരുന്നു.കൂടാതെ മഴവെള്ളം വീഴുന്നതും ഷട്ടറുകൾ തുരുമ്പെടുക്കാൻ ഇടയാക്കുന്നു. വഴി പ്രശ്നത്തെ ചൊല്ലിയാണ് നിലവിൽ നവീകരണ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നത്. വഴിയുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയും പഞ്ചായത്തും തമ്മിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. നിർമാണ ജോലികൾ പൂർത്തിയായ കെട്ടിടത്തിൽ മിനുക്കുപണികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. പണി പൂർത്തിയാക്കി മാർക്കറ്റ് തുറന്നു കൊടുത്തില്ലെങ്കിൽ സർക്കാരിന്റെ കോടികളാകും നഷ്ടമാകുക. ലോക ബാങ്ക് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന് നൽകിയ, തിരിച്ചടക്കേണ്ടതല്ലാത്ത ഒരു കോടി രൂപയാണ് മാർക്കറ്റ് നവീകരണങ്ങൾക്കായി ഉപയോഗിച്ചത്. മാർക്കറ്റ് കെട്ടിടത്തിന്റെ ഒരു ഭാഗം മത്സ്യം ലേലം ചെയ്ത് വിൽപ്പന നടത്തുന്നതിനും മറു ഭാഗം പച്ചക്കറികൾ ലേലം ചെയ്യുന്നതിനും പറ്റുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് തർക്കത്തിലുള്ള സ്ഥലം ഒഴിച്ചിട്ട് ബാക്കി ഭാഗത്തെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാർക്കറ്റ് നവീകരണം

 കടമുറികളിൽ വൈദ്യുതീകരണത്തിന്റെയും വെള്ളം എത്തിക്കുന്നതിന്റെയും നടപടികൾ പൂർത്തിയായിട്ടില്ല

 പച്ചക്കറി - മത്സ്യ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മാർക്കറ്റിന്റെ വടക്കുഭാഗത്തായി മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിച്ചു.

 ശൗചാലയങ്ങളുടെ നിർമ്മാണം പൂർത്തിയായി.

ആധുനിക രീതിയിൽ നിർമ്മിച്ച മാർക്കറ്റിൽ നിന്നുള്ള വരുമാനം തൈക്കാട്ടുശേരി പഞ്ചായത്തിന്റെ തനത് ഫണ്ടിലേക്കുള്ള മുതൽക്കൂട്ടാകും