a
കെ.പി.എം.എസ് ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: സാമൂഹ്യ പരിഷ്‌കരണത്തിനായി കേരളത്തിൽ നടന്ന നവോത്ഥാന പോരാട്ടങ്ങൾ തമസ്‌കരിക്കാൻ ശ്രമം നടക്കുന്നെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ലാ ജനറൽ കൗൺസിൽ യോഗം മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയുടെ അന്തഃസത്ത ഇല്ലാതാക്കരുത്. വീണ്ടും വിമോചന സമരം നടത്തുമെന്ന് പറയുന്നവർ സാമൂഹ്യ മാറ്റങ്ങൾ മനസിലാക്കുന്നില്ല. ഇതിന്റെ പേരിൽ ജനാധിപത്യ സർക്കാരിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് കെ.പി.എം.എസ് കൂട്ടുനില്‍ക്കില്ല.

പിന്നാക്കക്കാരനെ ക്ഷേത്രങ്ങളിൽ നിയമിച്ചപ്പോൾ എതിർത്തവരാണ് ഇപ്പോൾ നാമജപങ്ങളുമായി ഇറങ്ങിയിട്ടുള്ളത്.സൂപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പേരിൽ സർക്കാരിനെതിരെ തെരുവിൽ പാട്ടു പാടാൻ പട്ടികജാതിക്കാരനെ കിട്ടില്ല. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ പുരുഷൻ പിടിക്കും എന്നു പറയുന്നവരുടെ കൂടെ തങ്ങൾ ഉണ്ടാകില്ല. സുപ്രീം കോടതി വിധി ഉടൻ നടപ്പാക്കണമെന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.

ടി.ആർ ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. എൽ.രമേശൻ, ബൈജു കലാശാല, പി.ജനാർദ്ദനർ, എ.പി ലാൽകുമാർ, എ.ഓമനക്കുട്ടൻ, ബിനു കല്ലുമല, പൊന്നൂസ് മാവേലിക്കര, സുരബാല ശശിധരൻ, ടി.സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.