ആലപ്പുഴ: പ്രളയാനന്തര കാർഷികമേഖലയുടെ പുനരൂജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് കൃഷിവകൂപ്പ് ആരംഭിക്കുന്ന ദ്വിദിന കർമ്മ പരിപാടി പുനർജനിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ചെങ്ങന്നൂർ മുളക്കുഴ സി.സി.പ്ലാസ ആഡിറ്റോറിയത്തിൽ രാവിലെ 9.30ന് നടക്കും. മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, ജില്ലാ കളക്ടർ എസ്.സുഹാസ്,ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ ജോൺ മുളങ്കാട്ടിൽ എന്നിവർ പങ്കെടുക്കും.
സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. ശാസ്ത്രീയ സമീപനത്തിലൂടെ കാർഷിക മേഖലയുടെ പുനഃസൃഷ്ടി സധ്യമാക്കുക എന്ന ലക്ഷ്യത്തോടയാണ് പുനർജ്ജനി പദ്ധതി വിവിധ ഭാഗങ്ങിൽ നടത്തുന്നത്. കാർഷിക സർവ്വകലാശാല വിദഗ്ദ്ധർ, കൃഷി ഉദ്യോഗസ്ഥർ, കാർഷിക കർമ്മ സേന, മണ്ണു പരിശോധന കേന്ദ്രം, കുടുംബശ്രീ പ്രവർത്തകർ എന്നിവയുടെ സഹകരണത്തോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം.
കർഷകർക്കായി സെമിനാറൂകൾ, ചർച്ചക്ലാസുകൾ എന്നിവ ഇന്ന് നടക്കും. നാളെ വെൺമണി ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ മാതൃകാ കാർഷിക പ്രവർത്തനങ്ങൾ നടത്തും.