ആലപ്പുഴ: ബ്രൂവറി-ഡിസ്റ്റിലറി അഴിമതി ആരോപണത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഷണ മുതൽ തിരികെ ഏൽപ്പിച്ചെന്ന് കരുതി കള്ളനല്ലാതാകില്ല. ഇക്കാര്യത്തിലുണ്ടായ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ തയ്യാറായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിറങ്ങും. അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നു. പിണറായിയെപ്പോലെ ഭീരുവായ ഒരാളില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമാണ് കോൺഗ്രസ്. അയോദ്ധ്യയിലേതു പോലെ ശബരിമലയെ യുദ്ധക്കളമാക്കാൻ സമ്മതിക്കില്ല. രാജീവ് ഗാന്ധിയെ കള്ളനെന്നു വിളിച്ച വരാണ് സി.പി.എമ്മും ആർ.എസ്എസും.വിമാന ഇടപാടിന്റെ പേരിൽ മോദിയെ കള്ളനെന്ന് രാഹുൽഗാന്ധി വിളിക്കുന്നതിൽ എന്താണ് തെറ്റ്. റാഫേൽ ഇടപാട് സംയുക്ത പാലമെന്ററി സമതി അന്വേഷിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാർട്ടിപരിപാടികളിലും സമരങ്ങളിലും പങ്കെടുക്കാത്ത നേതാക്കളിൽ നിന്ന് വിശദീകരണം വാങ്ങിച്ച ശേഷം നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ ജാഥ ഡൽഹിയിലേക്ക് നടത്തണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, എ.ഐ.സി.സി. സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സി.ആർ.ജയപ്രകാശ്, അഡ്വ. ബി.ബാബുപ്രസാദ്, പഴകുളം മധു, ട്രഷറർ ജോൺസൺ എബ്രഹാം, രാഷ്ട്രീയകാര്യസമതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ,അഡ്വ. ഡി.സുഗതൻ, മാന്നാർ അബ്ദുൾലത്തീഫ്, അഡ്വ.കെ.പി.ശ്രീകുമാർ, എ.എ.ഷുക്കൂർ, കെ.കെ.ഷാജു, യു.ഡി.എഫ് ചെയർമാൻ എം.മുരളി, എ.കെ.രാജൻ, സജീവ്ഭട്ട്, പ്രൊഫ. നെടുമുടി ഹരികുമാർ, മേഘനാഥൻ തുടങ്ങിയവർ സംസാരിച്ചു.

gen_204?atyp=i&zx=1539524460964&ogefn=pcm