ആലപ്പുഴ: സ്‌കൂൾ ജനാധിപത്യ വേദി ശാക്തീകരണത്തിൽ വെന്നിക്കൊടി പാറിച്ച കുരുന്നുകൾ പാർലമെന്റ് മന്ദിരം നേരിൽ കാണാൻ ഡൽഹിയിലേക്ക് . കെ.സി.വേണുഗോപാൽ എം.പിയുടെ സഹായത്തോടെ ആലപ്പുഴ നഗരസഭ മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതി പ്രകാരം 60 കുട്ടികളും അവരുടെ അദ്ധ്യാപകരും രക്ഷകർത്താക്കളുമടങ്ങുന്ന സംഘമാണ് പാർലമെന്റ് സന്ദർശിക്കാനായി ബുധനാഴ്ച പുറപ്പെടുന്നത്. ഇവരുടെ യാത്രാ ചെലവുകൾ വഹിക്കുന്നത് നഗരസഭയാണ്. ഡൽഹിയിലെത്തിയാൽ ആവശ്യമായ എല്ലാ സൗകര്യവും ഏർപ്പാടാക്കാമെന്ന് കെ.സി വേണുഗോപാൽ എം.പി ഉറപ്പ് നൽകിയിട്ടുണ്ട്. സംഘം 19ന് ഡൽഹിയിലെത്തും. കഴിഞ്ഞ ജൂലായിൽ ആലപ്പുഴ നഗരസഭ കൗൺസിൽ ഹാളിൽ നടന്ന മോഡൽ പാർലമെന്റാണ് വിദ്യാർത്ഥികളെ ഇന്ദ്രപ്രസ്ഥത്തിലെത്തിക്കാൻ വഴിതെളിച്ചത്. അന്ന് . കുട്ടികളെ അനുമോദിച്ചു കൊണ്ട് പ്രസംഗിച്ച കെ.സി.വേണുഗോപാൽ എം.പി 'നിങ്ങൾ പാർലമെന്റ് കണ്ടിട്ടുണ്ടോയെന്ന്" ചോദിച്ചു. ഇല്ലെന്നായിരുന്നു എല്ലാവരുടെയും മറുപടി. ഈ പരിപാടിയുടെ മുഖ്യസംഘാടകനും സംസ്ഥാന അദ്ധ്യാപക അവാർഡു ജേതാവുമായ ഡി.രഞ്ജനാണ് കുട്ടികൾക്ക് പാർലമെന്റ് കാണാൻ അവസരമൊരുക്കണമെന്ന് എം.പിയോട് അഭ്യർത്ഥിച്ചത്. യാത്രയുടെ ചെലവ് വഹിക്കാൻ തയ്യാറാണെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജി മനോജ് കുമാറും അറിയിച്ചു.